Social MediaTRENDING

കീമോ ചെയ്യുന്നത് സൗന്ദര്യം നഷ്ടമാക്കുമെന്ന് പേടിച്ചു! ചികിത്സിച്ചിരുന്നെങ്കില്‍ നടി ഇന്നും ഉണ്ടാവുമായിരുന്നു

ശാലീന സുന്ദരിയായി സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീവിദ്യയുടെ ഓര്‍മ്മദിനമാണിന്ന്. വലിയൊരു ഗായികയുടെ മകളായി ജനിച്ച ശ്രീവിദ്യയുടെ ജീവിതം ആഗ്രഹിച്ചത് പോലെ സന്തുഷ്ടമായിരുന്നില്ല. സിനിമയിലേക്ക് വന്നതിനുശേഷമുണ്ടായ നടിയുടെ പ്രണയങ്ങള്‍ വലിയ ദുരന്തങ്ങളായി മാറി.

ഭര്‍ത്താവിനൊപ്പവും ആഗ്രഹിച്ചതുപോലെ ജീവിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതിനിടയിലാണ് കാന്‍സര്‍ ബാധിച്ചാണ് നടി മരണപ്പെടുന്നത്. സൗന്ദര്യം പോകുമോ എന്ന ഭയം കാരണം ശ്രീവിദ്യ ചികിത്സിക്കാനും തയ്യാറായിരുന്നില്ല. അങ്ങനെയെങ്കില്‍ ഇന്നും ജീവിച്ചിരുന്നേനെ എന്ന് ഫോട്ടോഗ്രാഫര്‍ പി ഡേവിഡ് മുന്‍പ് പറഞ്ഞിരുന്നു. നടിയുടെ ഓര്‍മ ദിനത്തില്‍ അവരെ കുറിച്ചുള്ള ഈ വാക്കുകളും വൈറലാവുകയാണ്…

Signature-ad

”ശ്രീവിദ്യ എന്നും ദുഃഖപുത്രി… നിഷ്‌കളങ്കരായവര്‍ക്ക് സിനിമയില്‍ ചതി മാത്രമായിരിക്കും അനുഭവമെന്ന് ശ്രീവിദ്യ ഓര്‍മപ്പെടുത്തുന്നു. വിദ്യ എല്ലാവരെയും വിശ്വസിച്ചു. എല്ലാവരും അവരെ ചതിച്ചു.

‘ചെണ്ട’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ വിദ്യയെ ആദ്യമായി കാണുന്നത്. പരിചയപ്പെടുന്നവര്‍ക്കൊക്കെ ആദരവും സ്‌നേഹവും തോന്നുന്ന പ്രകൃതം. ഇതുതന്നെയാണ് അവര്‍ക്ക് വിനയായതും. അവരുടെ സൗന്ദര്യവും സമ്പാദ്യവും കണ്ട് അടുത്തുകൂടിയ പുരുഷന്മാരെ അവര്‍ക്ക് ഒരിക്കല്‍ പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ‘എല്ലാവരും സ്‌നേഹമുള്ളവരാണ്’ എന്നാണവര്‍ എപ്പോഴും പറയുക.

ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇവരെ കാണാനായി മാത്രം പറന്നെത്തുന്ന കമല്‍ ഹാസനെ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നിട്ടും ആ ബന്ധത്തെ വിവാഹത്തിലെത്തിക്കാനുള്ള മനസ്സ് കമല്‍ കാണിച്ചില്ല.

‘തീക്കനല്‍’ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാനും വിദ്യയും തമ്മില്‍ അടുത്ത പരിചയം രൂപപ്പെടുന്നത്. അതിനു കാരണമായതും അവരുടെ ഒരു പ്രണയമാണ്. ആ സിനിമയുടെ ആക്ടിങ് പ്രൊഡ്യൂസര്‍ ആയിരുന്നു ജോര്‍ജ് തോമസ്. ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനറിയാം ജോര്‍ജിന്. സംസാരിച്ച് ആരെയും വശത്താക്കുന്ന പ്രകൃതക്കാരന്‍. ആ സെറ്റില്‍ വെച്ച് വിദ്യ ജോര്‍ജുമായി പ്രണയത്തിലായി.

ജോര്‍ജ് എന്റെയടുത്ത സുഹൃത്തായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രണയകഥയില്‍ എനിക്ക് ഇടനിലക്കാരന്റെ റോളായിരുന്നു. രണ്ടുപേരും പരസ്പരം പറയാനുള്ളതൊക്കെ എന്നോടാണ് പറയുക. മകളുടെ പ്രണയത്തെ വിദ്യയുടെ അമ്മ ശക്തമായി എതിര്‍ത്തു. എങ്കിലും വിദ്യ ജോര്‍ജിനെ തന്നെ കല്യാണം കഴിച്ചു.

വിവാഹശേഷവും ഞാന്‍ ജോര്‍ജുമായും വിദ്യയുമായും സൗഹൃദം തുടര്‍ന്നു. ഇടയ്‌ക്കൊക്കെ ഞാനവരുടെ വീട്ടില്‍ പോകും. എന്റെ വീടു നില്‍ക്കുന്ന സ്ട്രീറ്റില്‍ തന്നെയായിരുന്നു അവരുടെയും വീട്. വിവാഹജീവിതം അധികം നീണ്ടില്ല. അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങി.

കുറച്ചുകാലം കഴിഞ്ഞു. ഒരു രാത്രി അവരുടെ ഫോണ്‍. ‘ഞാനെന്റെ വീടുപേക്ഷിച്ചു ഇറങ്ങുകയാണ്.’ ഒരു ലക്ഷം രൂപ മാത്രമെടുത്താണ് അവരന്ന് സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങിയത്. മൂന്നു കാറുകള്‍ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നിട്ടും ടാക്‌സി പിടിച്ചാണ് പരിചയത്തിലുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ അഭയം തേടിയെത്തുന്നത്. അവിടെ ഒരാഴ്ച കഴിഞ്ഞു. പിന്നെ വാടകയ്‌ക്കൊരു വീടെടുത്തു.

ഓരോ തവണ കാണുമ്പോഴും തനിക്കു നേരിടേണ്ടി വന്ന ചതിയുടെയും വഞ്ചനയുടെയും കഥകള്‍ പറഞ്ഞ് അവര്‍ പൊട്ടിക്കരയും. പിന്നീടവര്‍ തിരുവനന്തപുരത്തേക്ക് താമസം മാറി. വര്‍ഷങ്ങള്‍ക്കു ശേഷം നടന്‍ വിനീതിന്റെ കല്യാണത്തിന് ഞാന്‍ വിദ്യയെ വീണ്ടും കണ്ടു. അന്നവര്‍ ഒറ്റക്കാര്യമേ സംസാരിച്ചുള്ളൂ,

‘ഡേവിഡ്… എന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. എനിക്ക് കാന്‍സറാണ്. ‘ചികിത്സയൊക്കെ…?’, ഞാന്‍ ചോദിച്ചു. ‘എന്റെ സൗന്ദര്യം നഷ്ടമാകാത്ത ഏതു ചികിത്സയ്ക്കും ഞാന്‍ ഒരുക്കമാണ്’, അവര്‍ പറഞ്ഞു. കീമോ ചെയ്യുന്നത് സൗന്ദര്യം നഷ്ടമാക്കുമെന്ന് അവര്‍ പേടിച്ചു. മരണം വരെ സിനിമയില്‍ നില്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. സൗന്ദര്യം നഷ്ടപ്പെട്ടാല്‍ അതിന് സാധിക്കാതെ വരുമെന്ന് അവര്‍ക്കറിയാം.

ഒരുപക്ഷേ, കാര്യമായ ചികിത്സയ്ക്ക് ഒരുക്കമായിരുന്നെങ്കില്‍ കുറച്ചുകാലംകൂടി അവര്‍ ജീവിച്ചിരിക്കുമായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു…” എന്നും പറഞ്ഞാണ് ഡേവിഡ് എഴുത്ത് അവസാനിപ്പിച്ചത്…

നായികയായിട്ടും സഹതാരമായിട്ടും അമ്മ വേഷങ്ങളിലുമൊക്കെ നിറഞ്ഞ് നിന്ന ശ്രീവിദ്യ 2006 ഒക്ടോബര്‍ പത്തൊന്‍പതിനാണ് മരണപ്പെടുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു ശ്രീവിദ്യ. ഇതിനിടയിലാണ് കാന്‍സര്‍ രോഗം ബാധിക്കുന്നത്. ഇതിന് ശേഷവും നടി സീരിയലുകളിലും മറ്റുമൊക്കെ അഭിനയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: