KeralaNEWS

നവീൻബാബു ജീവനൊടുക്കിയ സംഭവം: ദിവ്യയെ നീക്കി, രത്‌നകുമാരി പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

   കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. പകരം കെ.കെ രത്‌നകുമാരിയെ പ്രസിഡന്റായി പരിഗണിക്കും. നിലവിൽ ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷയാണ് രത്‌നകുമാരി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൻ്റെയാണ് തീരുമാനം.

പാർട്ടി തീരുമാനം അംഗീകരിച്ചും നവീൻബാബുവിന്റെ വേർപാടിൽ അനുശോചിച്ചും ദിവ്യ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു:

Signature-ad

‘‘കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കുചേരുന്നു. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ്യവിമർശനമാണു നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരിവയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽനിന്നു മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.’’
ദിവ്യ അറിയിച്ചു.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെക്കുറിച്ച്
സമഗ്രമായ അന്വേഷണം നടത്തണമെന്നു കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യ ഒഴിവാകണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്‌നകുമാരിയെ പരിഗണിക്കാൻ തീരുമാനിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: