KeralaNEWS

പാര്‍ട്ടിയെ സതീശന്‍ ഹൈജാക്ക് ചെയ്തു, മാങ്കൂട്ടത്തില്‍ കുട്ടിസതീശന്‍, 2026ല്‍ കോണ്‍ഗ്രസ് പച്ചതൊടില്ല; പള്ള് പറഞ്ഞും പരിഹസിച്ചും പ്രാകിയും സരിന്‍

പാലക്കാട്: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് പി സരിന്‍. ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് വിഡി സതീശനെന്നും പി സരിന്‍ പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

വിഡി സതീശന്‍ ഇന്നലെയാണ് അദ്യമായി തന്നോട് ബഹുമാനത്തോടെ സംസാരിച്ചത്. കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൊണ്ടുപോയ രീതിയില്‍ അല്ല അദ്ദേഹം പാര്‍ട്ടിയെ കൊണ്ടുപോകുന്നത്. പാര്‍ട്ടിയിലെ ജനാധിപത്യമാണ് നശിപ്പിച്ചത്. താനാണ് പാര്‍ട്ടിയെന്ന രീതിയുണ്ടാക്കാനാണ് സതീശന്റെ ശ്രമം. ഇങ്ങനെ പോയാല്‍ 2026ല്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ പറ്റില്ലെന്ന് സരിന്‍ പറഞ്ഞു.

Signature-ad

പാര്‍ട്ടിയെ സതീശന്‍ ഹൈജാക്ക് ചെയ്തു. പരാതി പറയാനുള്ള ഫോറങ്ങള്‍ ഇല്ലാതാക്കി. തോന്നുംപോലെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. പാര്‍ട്ടിയെ തകര്‍ക്കുന്നത് സതീശനാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകള്‍ മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തില്‍ ആയിരുന്ന കോണ്‍ഗ്രസ് അതില്‍ അസ്വാഭാവികത കണ്ടില്ല. എന്നാല്‍ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്തു. അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശന്‍ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യംചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും. രാഹുല്‍ ഗാന്ധിയുടെ മാതൃകയില്‍ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകേണ്ട കേരള ഘടകം ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

2024ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കേണ്ടത്, ബിജെപി ഏതുനിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കൊണ്ടു തന്നെയാണെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്തിനാണ്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ നീക്കത്തില്‍ ആത്യന്തിക ഗുണഭോക്താവ് ബിജെപിയായിരിക്കും എന്നറിഞ്ഞിട്ടും വടകരയില്‍ ഷാഫിയെ മത്സരിപ്പിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവമായ 13ന് മുമ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ബോധപൂര്‍വം കത്തെഴുതിയത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ്. 13ന് തന്നെ തിരഞ്ഞെടുപ്പ് നടന്നാല്‍ ചില വോട്ടുകള്‍ കൂടുതലായി ചിലര്‍ക്ക് കിട്ടും എന്നത് യാഥാര്‍ഥ്യമാണ്.

ഒരാഴ്ച മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു സംസാരം. പ്രതിപക്ഷനേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവര്‍ത്തനം. വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിലെ, കെഎസ്യുവിലെ, യൂത്ത് കോണ്‍ഗ്രസിലെ യുവാക്കളെ വഴിതെറ്റിക്കും.

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സീറ്റ് കിട്ടുമ്പോള്‍ മാത്രം പോകേണ്ടതല്ല. ക്യാമറയുടെ മുന്‍പില്‍ നടത്തേണ്ട നാടകമല്ല അത്. രാഹുലിന് മംഗളം നേരാന്‍ ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി ഉണ്ടാകില്ല.പാര്‍ട്ടിയാണ് എല്ലാമെന്ന കപടത ഇനിയും ഷാഫി എടുത്ത് അണിയരുത്. സിപിഎം ആണ് നമ്പര്‍ ശത്രു എന്ന വിഡി സതീശന്റെ പ്രചാരണമാണ് ഷാഫിയും പറയുന്നത്. മൂവര്‍ സംഘം കനിഞ്ഞാല്‍ മാത്രമേ ഇപ്പോള്‍ പാര്‍ട്ടിയില്‍ എന്തെങ്കിലും കിട്ടും. ചുറ്റുംകുടി നില്‍ക്കുന്നവരാണ് കോണ്‍ഗ്രസ് എന്നാണ് ഇവര്‍ കരുതുന്നത്. സ്തൂതിപാഠകരുടെ, ഫാന്‍സ് അസോസിയേഷന്റെ കൈയില്‍ നിന്ന് ഇനിയെങ്കിലും മോചിതരാകണം. സ്വന്തം ഇമേജിന്റെ പുറകില്‍ മാത്രം മതി കോണ്‍ഗ്രസിന്റെ ഐഡന്‍ഡിറ്റി എന്നതിനെ താന്‍ എപ്പോഴും എതിര്‍ത്തിരുന്നു. മൂവര്‍ സംഘത്തില്‍ നിന്ന കോണ്‍ഗ്രസ് ഇനിയെങ്കിലും മോചിതാരിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്നും സരിന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: