കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശ്രീനാഥ് ഭാസിക്കെതിരെ സെൻട്രൽ പൊലീസാണ് കേസെടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്. കാറിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിനായിരുന്നു അപകടം.
ഹോട്ടലിലെ ലഹരിപാർട്ടിയിൽ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ ഹോട്ടലിൽ ഇവരെ സന്ദർശിച്ചെന്ന പേരിലാണ് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തത്.
അതേസമയം, മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റിലായി. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ്, കാര്‍ കസ്റ്റഡിയില്‍ എടുത്തു.
അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 മണിക്ക് ശേഷം കവടിയാറില്‍ നിന്ന് വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ച് വന്നത്. ബൈജു മദ്യലഹരിയില്‍ ആയിരുന്നു. അപടത്തില്‍ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മ്യൂസിയം പൊലീസ് സംഭവ സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാന്‍ ബൈജു തയാറായില്ല. ഡോക്ടറടെ പരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയായും പൊലീസ് അറിയിച്ചു.