‘പച്ചപ്പനംതത്തേ…’ പാടി മലയാളിയുടെ മനസിൽ ഇടംനേടിയ ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.13-ാം വയസിലാണ് ‘പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിൻ പൊൻകതിരേ…’…’ എന്ന ഗാനം പാടി മച്ചാട്ട് വാസന്തി ശ്രദ്ധേയയാകുന്നത്. കൂടാതെ മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ പാട്ടുകൾ വാസന്തി അനശ്വരമാക്കി.
വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റ വാസന്തി വാർധക്യസഹജമായ അസുഖങ്ങളാലും ചികിത്സയിലായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാടാണു ജനനം. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയിലാണു വാസന്തി ആദ്യമായി പാടുന്നത്. ഇ.കെ നായനാരാണ് 9 വയസ്സുള്ള വാസന്തിയെ വേദിയിലേക്ക് എടുത്തുകയറ്റിയത്. വാസന്തിയുടെ പാട്ട് അച്ഛന്റെ കൂട്ടുകാരനായ എം.എസ് ബാബുരാജിനും ഇഷ്ടമായി. കല്ലായിയിൽ ബാബുരാജിന്റെ താമസസ്ഥലത്ത് എത്തി വാസന്തി സംഗീതം അഭ്യസിച്ചു. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച ‘തിരമാല’ എന്ന ചിത്രത്തിൽ ആദ്യഗാനം പാടി. പക്ഷേ സിനിമ പുറത്തിറങ്ങിയില്ല.
പിന്നീട് രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ, പി.ഭാസ്കരന്റെ രചനയിൽ ബാബുരാജ് ഈണം പകർന്ന ‘തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും…’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും…’ എന്നീ പാട്ടുകൾ പാടി. നാടകത്തിലും സിനിമയിലും ആകാശവാണിയിലുമായി പതിനായിരത്തിലേറെ ഗാനങ്ങൾ വാസന്തി ആലപിച്ചു. ഇടയ്ക്ക് നാടകങ്ങളിലും അഭിനയിച്ചു. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആന്റണിയുടെ ഉഴുവുചാൽ, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നിവയോടൊപ്പം തിക്കോടിയന്റെ നാടകങ്ങളിലും വാസന്തി അഭിനേത്രിയും ഗായികയുമായി.
‘ഓളവും തീരവും’ സിനിമയിൽ ബാബുരാജിന്റെ സംഗീതത്തിൽ കെ.ജെ യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..’ എന്ന പാട്ട് മച്ചാട്ട് വാസന്തിയെ ജനകീയയാക്കി. പ്രൊജക്ടർ ഓപ്പറേറ്ററായിരുന്ന ബാലകൃഷ്ണനുമായുള്ള വിവാഹത്തോടെ ദൂരയാത്രകൾ ഒഴിവാക്കി. പക്ഷേ 48-ാം വയസ്സിൽ ഭർത്താവ് മരിച്ചപ്പോൾ അദ്ദേഹം ബാക്കിവച്ച കടങ്ങൾ വീട്ടാനായി വാസന്തി വീണ്ടും പാട്ടിന്റെ വഴിയിലേയ്ക്ക് ഇറങ്ങി. മുരളി, സംഗീത എന്നിവർ മക്കളാണ്. ഇടത് സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാൻ അടുത്തകാലം വരെയും വാസന്തി പാടിയിരുന്നു.