വെല്ലുവിളികളാണ് ജീവിതത്തിന് കരുത്തു നൽകുന്നത്, അതല്ലെങ്കിൽ പ്രതിസന്ധികളിൽ തളർന്നു പോകും
വെളിച്ചം
“എങ്ങനെയാണ് വലുതാകുമ്പോള്‍ വിജയിക്കേണ്ടത്…?” അവന്‍ മുത്തച്ഛനോട് ചോദിച്ചു. മുത്തച്ഛന്‍ അവനെയും കൊണ്ട് ഒരു നേഴ്‌സറിയിലെത്തി. അവിടെ നിന്ന് 2 ചെടികള്‍ വാങ്ങി. ഒന്ന് വീട്ടുമുറ്റത്തും, മറ്റേത് ചട്ടിയിലാക്കി മുറിക്കകത്തും വച്ചു.
‘ഏതു ചെടിയാണ് ഇതില്‍ നന്നായി വളരുക’ എന്ന മുത്തച്ഛന്റെ ചോദ്യത്തിന് അവന്‍ പറഞ്ഞത് ‘മുറിക്കുളളിലെ ചെടി’ എന്നാണ്. അതിന് വെയിലും മഴയും കൊള്ളേണ്ടല്ലോ. സമയാസമയം വെള്ളവും വളവും കിട്ടും.
മാസങ്ങള്‍ കടന്നപോയി. മുത്തച്ഛന്‍ രണ്ടു ചെടികളും കാണിച്ച് അവനോട് ചോദിച്ചു:
“ഏതാണ് കൂടുതല്‍ വളര്‍ന്നത്…?” മുറ്റത്തെ ചെടിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ട കുട്ടി ചോദിച്ചു:
“ഇതെങ്ങനെ സംഭവിച്ചു…?”
മുത്തച്ഛന്‍ പറഞ്ഞു:
“വെല്ലുവിളികള്‍ നേരിടാത്തതൊന്നും വളരേണ്ട പോലെ വളരില്ല. സുരക്ഷിതത്വവും സംരക്ഷണവും നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. ഒന്നിനും എക്കാലവും സംരക്ഷണവലയം ആവശ്യമില്ല. അങ്ങനെ വളര്‍ന്നവയൊന്നും സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടുണ്ടാകില്ല.തണില്‍ മാത്രം വളരുന്നവ തളിരിടുമെങ്കിലും തന്റേടത്തോടെ വളരില്ല…”
കുട്ടി കൗതുകത്തോടെ ശ്രദ്ധിച്ചപ്പോൾ മുത്തച്ഛന്‍ തുടർന്നു:
“ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത മഴയും വെയിലും ഒരിക്കല്‍ അവയെ കീഴ്‌പെടുത്തും. അതതു കാലത്തെ പ്രതിസന്ധികളിലൂടെ വേണം വരാന്‍. അതില്‍ ഉള്‍പ്പെടുന്ന വേദനയും വിലാപവും വളര്‍ച്ചയുടെ തെളിവാണ്.”
എല്ലാ മഴയത്തും കുട നിവര്‍ത്തണമെന്നില്ല. ചില മഴയെങ്കിലും നനയണം. ആ മഴയില്‍ അതുവരെ തളിര്‍ക്കാത്ത ചില പുതുനാമ്പുകള്‍ മുളയക്കും. ആ നാമ്പില്‍ നിന്നാകും മറ്റൊരു തണല്‍ മരം രൂപപ്പെടുക.
അതിനാല്‍ വെല്ലുവിളികള്‍ നേരിടാന്‍ നമുക്കും ശ്രമിക്കാം.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ