കാസര്‍കോട്: കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയില്‍ എസ്ഐ: അനൂപിന് സസ്പെന്ഷന്. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണ് അനൂപ്. എസ്ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ മറ്റു വഴികളില്ലാതെയാണ് അനൂപിനെതിരെ നടപടി.
അബ്ദുല്‍ സത്താറിന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ എസ്ഐ ആയിരുന്ന അനൂപ് പിടിച്ചുവയ്ക്കുകയായിരുന്നു. നാലു ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാല്‍ വീട് പട്ടിണിയിലാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ സത്താര്‍ (60) ജീവനൊടുക്കിയത്.
അബ്ദുള്‍ സത്താറിന്റെ ആത്മഹത്യ: എസ്ഐ: മറ്റൊരു ഓട്ടോ തൊഴിലാളിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്
വാടക മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഡിവൈഎസ്പി പറഞ്ഞിട്ടും എസ്ഐ ഓട്ടോ വിട്ടുകൊടുത്തില്ലെന്നും ഇതാണ് മരണകാരണമെന്നും ആയിരുന്നു ബന്ധുക്കളുടെ ആരോപണം.