കോട്ടയം: നാട്ടകത്ത് കാറിലെത്തി എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അതിരമ്പുഴ സ്വദേശി ആസിഫിനെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്നു പറഞ്ഞ് കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍, ചൊവ്വാഴ്ച രാത്രിയോടെയാണ് ആസിഫിനെ അറസ്റ്റുചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 78, 137 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ലഹരിക്കേസുകളില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രതിയാണ്.
നേരത്തേയും കോട്ടയത്തെ മാങ്ങാനം, പുതുപ്പള്ളി ഭാ?ഗങ്ങളില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം ഈ പരാതികളില്‍ പോലീസ് നടത്തിയില്ല. ഈ സംഭവങ്ങള്‍ക്ക് പിന്നിലും ആസിഫ് തന്നെയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറഞ്ഞത് ഇങ്ങനെ, ”വൈകിട്ട് ട്യൂഷന് കഴിഞ്ഞുവരുമ്പോള്‍ സമീപത്തെ ക്ഷേത്രത്തിനടുത്ത് ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. കാറിലൂണ്ടായിരുന്ന ആള് കഞ്ഞിക്കുഴിക്ക് പോകുന്ന വഴി ചോദിച്ചു. പിന്നീട് വീട്ടില്‍ക്കൊണ്ടുപോയി വിടണമോയെന്നും ചോദിച്ചു.
എന്നാല്‍, ഞാന്‍ വേണ്ടെന്നുപറഞ്ഞു. അച്ഛന് പറഞ്ഞിട്ടാണ് വന്നതെന്നും അച്ഛന്റെ സുഹൃത്താണെന്നും ഇയാള്‍ പറഞ്ഞു. കാറില്‍ കയറാന്‍ കുറേ നിര്‍ബന്ധിച്ചു. ഇയാളുടെ കൈയില്‍ ഒരു സ്പ്രേ കുപ്പിയും ഉണ്ടായിരുന്നു.
ഇതോടെ ഞാന്‍ ഇവിടെനിന്നും വേഗത്തില്‍ നടന്നു. എന്നാല്‍, കാര്‍ എന്റെ വലതുവശത്തുകൂടെ പോയശേഷം റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടു. തുടര്‍ന്ന് വീട്ടില്‍ എത്തിയശേഷം സംഭവം രക്ഷിതാക്കളോട് പറയുകയായിരുന്നു”.