CrimeNEWS

വിസ തട്ടിപ്പിന് ഇരയായ യുവതി ജീവനൊടുക്കി; ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിനെ രക്ഷിച്ചു

ആലപ്പുഴ: വിസ തട്ടിപ്പിന് ഇരയായ യുവതി തൂങ്ങി മരിച്ചു. തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ് മരിച്ചത്. ഭാര്യയുടെ മരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് അരുണിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ചു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലി നോക്കിയിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വിസയില്‍ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. വിസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം പാലായിലെ ഏജന്‍സിക്കു നല്‍കിയിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തട്ടിപ്പിന് ഇരയായതായി അറിയുന്നത്. ഇതില്‍ മനംനൊന്ത് ശരണ്യ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Signature-ad

ഓടിക്കൂടിയ നാട്ടുകാര്‍ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭര്‍ത്താവ് അരുണിനോട് വിവരങ്ങള്‍ അന്വേഷിച്ചശേഷം നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ അരുണ്‍ വീടിനുള്ളില്‍ കയറി വാതില്‍ പൂട്ടിയ ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറി കുടുക്ക് അറുത്തുമാറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏഴ് വര്‍ഷം മുന്‍പു വിവാഹിതരായ ഇവര്‍ക്കു മക്കളില്ല.

പാലായിലെ ഏജന്‍സി ശരണ്യയെ ഇടനില നിര്‍ത്തി തലവടി സ്വദേശികളായ പലരുടെയും കയ്യില്‍നിന്നു വിസ വാഗ്ദാനം ചെയ്തു പണം വാങ്ങിയതായും സൂചനയുണ്ട്. ഇവര്‍ തിരികെ പണം ആവശ്യപ്പെട്ട് ശരണ്യയെ സമീപിച്ചിരുന്നതായും പറയുന്നു. ഏജന്‍സിയെക്കുറിച്ച് എടത്വ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: