യുവത്വം തിരിച്ച് പിടിച്ച് ജീവിതകാലം മുഴുവൻ സുന്ദരമാരും സുന്ദരികളുമായി കഴിയാൻ ആഗ്രഹമില്ലാത്തവർ ആരാണ്…? അത്തരം വിചിത്ര സ്വപ്നങ്ങൾ സ്ഥലമാക്കാൻ ‘ഇസ്രയേൽ- നിർമിത ടൈം മെഷീൻ’ സഹായിക്കുമെന്നും നിത്യയൗവനം ലഭിക്കുമെന്നും പ്രലോഭിപ്പിച്ച് ഉത്തർപ്രദേശിലെ കാൻപുരിൽ ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ…! രാജീവ് കുമാർ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവരാണ് ഇത്ര ഭീമമായ തുക തട്ടി എടുത്തത്.
‘റിവൈവൽ വേൾഡ്’ എന്ന പേരിൽ കാൻപുരിലെ കിദ്വായ് നഗർ പ്രദേശത്തു രാജീവും രശ്മിയും തെറപ്പി സെന്റർ ആരംഭിച്ചു. ഇസ്രയേലിൽനിന്ന് ഇറക്കുമതി ചെയ്ത ‘ടൈം മെഷീൻ’ ഇവരുടെ തെറപ്പി സെന്ററിലുണ്ടെന്നും 60 വയസ്സുള്ളയാളെ 25 വയസ്സുകാരനാക്കാൻ ഇതിലൂടെ സാധിക്കുമെന്നും പ്രചരിപ്പിച്ചു. ‘ഓക്സിജൻ തെറപ്പി’ വഴി വയോധികരെ ചെറുപ്പമാക്കാൻ സാധിക്കുമെന്ന് ഉപയോക്താക്കൾക്കു ദമ്പതികൾ വാഗ്ദാനം ചെയ്തു. ഇതോടെ സ്ത്രീപുരുഷ ഭേദമില്ലാതെ തെറപ്പി സെന്ററിലേക്ക് ആളുകൾ ഇരച്ചുകയറി.
പ്രദേശത്തെ മലിനവായു കാരണം ആളുകൾക്കു പെട്ടെന്നു പ്രായമായെന്നും ഓക്സിജൻ തെറപ്പിയിലൂടെ മാസങ്ങൾക്കുള്ളിൽ യൗവനത്തിലേക്കു മടക്കിക്കൊണ്ടു വരാമെന്നും ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. 10 സെഷന്റെ പാക്കേജിന് 6,000 രൂപയാണ് ഈടാക്കിയത്. 90,000 രൂപയ്ക്കു 3 വർഷത്തേക്കുള്ള പ്രത്യേക പാക്കേജും വാഗ്ദാനം ചെയ്തു. നൂറുകണക്കിനു പേരിൽനിന്നായി 35 കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ദമ്പതികള്‍ മുങ്ങി. ഒളിവിൽപ്പോയ ഇരുവരും വിദേശത്തേക്കു കടന്നതായി സംശയിക്കുന്നു.