കോട്ടയം നഗരാതിർത്തിയിലെ നട്ടാശ്ശേരി വട്ടമ്മൂട് പാലത്തിനു സമീപം റോഡരികിലെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ബിജെപി നേതാവിനെ. സംക്രാന്തിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനക്കര അനശ്വര തീയറ്ററിനു സമീപം വെൺപറമ്പിൽ വീട്ടിൽ നാസർ റാവുത്തറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നട്ടാശേരിയിൽ റോഡരികിലെ കുഴിയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
ഇതിനിടെയാണ് പ്രദേശത്ത് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയത്. തുടർന്നാണ് ഇവിടെ നിന്നും ഇദ്ദേഹത്തിന്റെ ലൈസൻസ് ലഭിച്ചത്. ഈ ലൈസൻസ് ലഭിച്ചതോടെയാണ് മരിച്ചത് നാസർ തന്നെയാണ് എന്ന് ഉറപ്പിച്ചത്. തിരുനക്കര അനശ്വര തീയറ്ററിനു സമീപം താമസിച്ചിരുന്ന ഇദ്ദേഹം നിലവിൽ സംക്രാന്തിയിൽ വാടകയ്ക്ക് താമസിച്ചു വരുകയാണ്. 10 ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
പക്ഷേ ഇതു സംബന്ധിച്ച് ഇനിയും പൊലീസിൽ പരാതി നൽകിയിട്ടില്ല. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയാണ് നാസർ. ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം, ബിജെപി കോട്ടയം ടൗൺ പ്രസിഡന്റ്, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ : ബീന. മകൻ : ഖനീഫ നാസർ.