കോട്ടയം: കാപ്പിയുടെയും മസാല ദോശയുടെയും രുചി പകര്‍ന്ന സൗഹൃദക്കൂട്ടായ്മകള്‍ ഇനി ഓര്‍മ. ചങ്ങനാശേരി കുരിശുംമൂട് ജംക്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിന് ഇന്ന് പൂട്ടു വീഴും. ലാഭമില്ലാത്തതു കാരണമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
രുചിയേറുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം കോഫി ഹൗസിനുള്ളില്‍ മുഴങ്ങിയത് രാഷ്ട്രീയവും സിനിമയും സ്‌പോട്‌സും ചരിത്രവും തുടങ്ങി ആഗോളവിഷയങ്ങള്‍ വരെയാണ്. പതിവായി ഇഷ്ടപ്പെട്ട ഒരു കോണില്‍ ഒരു ഇരിപ്പിടം സ്വന്തമാക്കിയവരും ഏറെ. കോഫി ഹൗസിനുള്ളിലെ തലപ്പാവ് ധാരികളായ ജീവനക്കാര്‍ ഭക്ഷണത്തോടൊപ്പം സ്‌നേഹവും വിളമ്പി.
വര്‍ഷങ്ങളോളം ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് കുരിശുംമൂട്ടിലേക്കു പ്രവര്‍ത്തനം മാറ്റിയിട്ട് 7 വര്‍ഷത്തോളമായിരുന്നു. ഇന്ന് നഷ്ടക്കണക്കില്‍ പൂട്ടു വീഴുന്നതോടെ പലരുടെയും പ്രിയപ്പെട്ട ഇരിപ്പിടവും ഭക്ഷണവും ഓര്‍മയാകുന്നു. ഇന്ന് രാത്രി ഒന്‍പതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ചങ്ങനാശേരിക്ക് ഇനി ഇന്ത്യന്‍ കോഫി ഹൗസില്ലാതാകും. പെരുന്നയില്‍ ഇടയ്ക്ക് ആരംഭിച്ചെങ്കിലും അതും പിന്നീട് പൂട്ടി. സമീപത്തെ തിരുവല്ലയിലെ കോഫി ഹൗസിന് 2014ല്‍ പൂട്ടു വീണു. തലപ്പാവുധാരികളുടെ കൈയില്‍നിന്നു ബീറ്റ്‌റൂട്ട് മസാലദോശയും കാപ്പിയും കുടിക്കാന്‍ ചങ്ങനാശേരിക്കാര്‍ ഇനി കോട്ടയം നഗരത്തിലെത്തണം.