KeralaNEWS

തട്ടിപ്പിനു തലവച്ചു കൊടുക്കുന്ന മലയാളികൾ: വിദ്യാർത്ഥികളും കെണിയിൽ, പ്രതിദിനം ചോരുന്നത് കോടികൾ, ഇന്നലെ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയിൽ നിന്നു തട്ടി എടുത്തത്  1.86 കോടി 

  ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പതിനൊന്നര ലക്ഷം തട്ടിയ കേസിൽ കൊച്ചിയിൽ ഒരാൾ പിടിയിലായത് ഇന്നലെയാണ്. കർണാടക ഗുൽബർഗ എൻജിഒ കോളനിയിൽ പ്രകാശ് ഈരപ്പ(49)യെയാണ് പോലീസ് പിടികൂടിയത്. കിഴക്കമ്പലം മലയിടം  സ്വദേശിക്ക് പണം നഷ്ടമായ കേസിലാണ് അറസ്റ്റ്.
*             *             *
അക്കൗണ്ടിലേക്ക് അയക്കുന്ന പണം പിൻവലിച്ചു കൊടുത്താല്‍ കമ്മീഷൻ  നല്‍കാമെന്ന വാഗ്ദാനവുമായി വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഒരു സംഘം കേരളത്തിൽ വിലസുന്നു. സൈബർ സംഘം നടത്തിയ അന്വേഷണത്തില്‍ നിരവധി പേരാണ് ഈ വലയിൽ കുടുങ്ങിയിരിക്കുന്നത്. ഒറ്റയടിക്ക് വൻലാഭം കിട്ടുന്നതിനാല്‍ മിക്കവരും ഇതിന് സന്നദ്ധരാകുന്നു. ഒടുവിലാണ് ചതി വ്യക്തമാകുന്നത്. മലപ്പുറം  സ്വദേശികളായ 2 യുവാക്കൾ മാസങ്ങളായി പഞ്ചാബിലെ  ജയിലിലാണ്.

വടകരയിലും ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ ഒട്ടേറെ വിദ്യാർത്ഥികൾ കുടുങ്ങി. കോളജ് വിദ്യാർഥികളെയാണ് സംഘം  കെണിയിലാക്കിയത്. ബാങ്ക് അക്കൗണ്ട് എടുത്താൽ കമ്മീഷൻ ലഭിക്കുമെന്ന് പറഞ്ഞാണ്   കോളജ് വിദ്യാർത്ഥികളെ തട്ടിപ്പ് സംഘം  സമീപിക്കുന്നത്. പിന്നാലെ എടിഎം കാർഡും അക്കൗണ്ട് വിവരങ്ങളും ഇവർ  കൈകലാക്കും. പിന്നെ വലിയ തുകകൾ അക്കൗണ്ടിലേക്ക് വരികയും പോവുകയും ചെയ്യും . വിദ്യാർത്ഥികൾക്ക് ചെറിയ തുക കമ്മീഷനായും ലഭിക്കും. മധ്യപ്രദേശ് പൊലീസ് അന്വേഷിച്ച് വീടിനു മുന്നിലെത്തിയപ്പോഴാണ് വിഷയത്തിന്റെ ഗൗരവം പലരും  മനസ്സിലാക്കിയത്.
വടകരയിലെ  6 വിദ്യാർത്ഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ തട്ടിപ്പിൻ്റെ ഭാഗമായിട്ടുണ്ടെന്നാണ് നിഗമനം.

Signature-ad

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സൈബർ തട്ടിപ്പുകാരുടെ ഇരയായ   വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു കോടി 86 ലക്ഷം രൂപ. ഈ മാസം ഒന്നാം തീയതി വയോധികയായ വീട്ടമ്മ വീട്ടിലുണ്ടായിരുന്ന സമയം അവരുടെ ഫോണിലേക്ക് ഒരാൾ വിളിക്കുന്നു. സിബിഐയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞ അയാൾ വീട്ടമ്മയോട് അവരുടെ പേരും, കുടുംബവിവരങ്ങളും പറയുകയും തുടർന്ന് വാട്സാപ്പിൽ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു.

വീഡിയോ കോളിൽ വീട്ടമ്മയോട് സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. യൂണിഫോമിലുള്ള അയാൾ ഇവരുടെ ബാങ്ക് ഡീറ്റെയിൽസിനെകുറിച്ച് പറഞ്ഞു.  കൂടാതെ മുംബൈയിലുള്ള ബാങ്കിന്റെ വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇതിൽ കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഒപ്പം വ്യാജമായി നിർമിച്ച അറസ്റ്റ് വാറണ്ട് വീഡിയോ കോളിൽ കാണിക്കുകയും ചെയ്തു. പരിഭ്രാന്തയായ വീട്ടമ്മയോട് ഇതിൽനിന്നും ഒഴിവാക്കാൻ പണം  ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഈ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ വിദേശത്തുള്ള മക്കളുടെ ജോലി കളയുമെന്നും ഇവരെ ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടമ്മ പലതവണകളായി ഒരു കോടി എൺപത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം (1,86,62,000)രൂപ അയാൾ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു. പണം കൈമാറിയ അവരെ ബന്ധപ്പെടാൻ കഴിയാതിരുന്നപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത്. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: