KeralaNEWS

മാടായിക്കാവില്‍ എത്തി ശത്രുസംഹാര പൂജ; കണ്ണൂരിലെ ക്ഷേത്രങ്ങളില്‍ വഴിപാടുമായി എഡിജിപി

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ മാടായിക്കാവില്‍ എത്തി ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാര്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് പഴയങ്ങാടി മാടായിക്കാവില്‍ എത്തിയത്. കൂടാതെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദര്‍ശനം നടത്തി.

പുലര്‍ച്ചെ അഞ്ചോടെയാണ് മാടായിക്കാവിലെത്തിയത്. ശാക്തേയ ക്ഷേത്രമായ ഇവിടത്തെ പ്രധാന വഴിപാടാണ് ശത്രുസംഹാര പൂജ. തുടര്‍ന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പട്ടംതാലി, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ നടത്തി. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ നടത്തി. രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദര്‍ശനം. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണുണ്ടായിരുന്നത്.

Signature-ad

ക്ഷേത്രദര്‍ശനത്തിനു ശേഷം കണ്ണൂര്‍ എആര്‍ ക്യാമ്പിലെത്തിയ അജിത് കുമാര്‍ വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങി. അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ രംഗത്തെത്തുകയായിരുന്നു. പൂരം കലക്കലും ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചകളുമെല്ലാം വലിയ ചര്‍ച്ചയായി. ചുമതലയില്‍ നിന്ന് അജിത്കുമാറിനെ നീക്കണമെന്ന് സിപിഐ അടക്കമുള്ള ഭരണപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിന് ഇടയിലാണ് എഡിജിപിയുടെ ക്ഷേത്ര ദര്‍ശനം.

 

Back to top button
error: