വനിതാ എംഎല്‍എയ്ക്ക് ബിജുമേനോനോട് ഭ്രാന്തമായ പ്രണയം, വഴങ്ങാത്തപ്പോള്‍ കേസില്‍ കുടുക്കാന്‍ നീക്കം; അനുഭവം വെളിപ്പെടുത്തി സംവിധായകന്‍
മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ആലപ്പി അഷ്റഫ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ മേഖലയില്‍ നിന്നുണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ബിജുമേനോന്‍ തന്റെ കരിയറില്‍ ഉയര്‍ന്നുവന്ന സമയത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അഷ്റഫ്. ബിജുമേനോന്‍ ഒരു കെണിയില്‍പ്പെട്ട സംഭവമാണ് സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.
”ബിജുമേനോന്‍ ഒരു പാവമാണ്. ഒരു ശുദ്ധനാണ്. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യില്ല. അഭിനയവും കുടുംബവും നോക്കി ജീവിക്കുന്നയാളാണ്. താരം കുതിച്ചുയര്‍ന്നുവരുന്ന കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അദ്ദേഹമന്ന് വിവാഹം കഴിച്ചിട്ടില്ല. ജനങ്ങള്‍ക്കെല്ലാം അയാളെ ഇഷ്ടമാണ്. ഒരിക്കല്‍ തിരുവനന്തപുരത്ത് ബിജുമേനോന്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. ആ വേദിയില്‍ ഒരു വനിതാ എംഎല്‍എയും ഉണ്ടായിരുന്നു. പരിപാടി അവസാനിച്ചപ്പോള്‍ എംഎല്‍എ ബിജുമേനോന്റെ അടുത്ത് ചെന്ന് പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ബിജുമേനോന്റെ നമ്പര്‍ വാങ്ങിച്ചു. ഭരണത്തിലിരിക്കുന്ന ഒരു ശക്തയായ നേതാവായിരുന്നു അവര്‍ അപ്പോള്‍.
തൊട്ടടുത്ത ദിവസം അവര്‍ ബിജുമേനോനെ വിളിച്ചു. അങ്ങനെ കുറേനാള്‍ അവര്‍ അയാളെ വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചിരുന്നു. ആ വിളി പീന്നീട് രാത്രി സമയങ്ങളിലേക്ക് മാറി. ഇങ്ങനെ വിളിക്കുന്നതില്‍ ബിജുവിന് ചില പേടിയും സംശയങ്ങളുമൊക്കെ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ബിജുവിന്റെ ഷര്‍ട്ടിന്റെ സൈസ് ചോദിച്ചു. എന്നിട്ട് കുറച്ച് ഷര്‍ട്ടുകള്‍ വാങ്ങി മ?റ്റൊരാളുടെ കൈയില്‍ കൊടുത്തുവിട്ടു. അങ്ങനെ ബിജുമേനോനോട് അവര്‍ക്ക് ഭ്രാന്തമായ പ്രണയമായി.
ആ സമയത്താണ് ബിജുമേനോനും സുഹൃത്തുക്കളും സിലോണില്‍ ക്രിക്കറ്റ് കളി കാണാന്‍ പോകുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പോയി കഴിഞ്ഞാല്‍ ഏകദേശം ഒമ്പത് ദിവസങ്ങള്‍ കഴിഞ്ഞേ അവര്‍ തിരികെയെത്തുളളൂ. ഈ വിവരം ബിജുമേനോന്‍ സൗഹൃദ സംഭാഷണത്തിനിടയില്‍ എംഎല്‍എയോട് പറഞ്ഞു. പോകണ്ടന്നായിരുന്നു എംഎല്‍എയുടെ മറുപടി. ബിജുമേനോന്‍ പോകുമെന്ന നിലപാടിലുറച്ച് നിന്നതോടെ അവരുടെ സംസാരരീതി മാറുകയായിരുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിനെ പോലും വരച്ച വരയില്‍ നിര്‍ത്തിയ എംഎല്‍എയാണ് താനെന്നായിരുന്നു അവര്‍ ബിജുവിനോട് പറഞ്ഞത്. പിന്നെയാണോ ബിജു മേനോന്‍ എന്നും എംഎല്‍എ പറഞ്ഞു. തൊട്ടടുത്ത ദിവസം താരവും സുഹൃത്തുക്കളും സിലോണില്‍ പോയി. അവരുടെ കൂട്ടത്തില്‍ നിര്‍മാതാവായ സുരേഷ് കുമാറുമുണ്ടായിരുന്നു. സിലോണില്‍ പോയി നാല് ദിവസം കഴിഞ്ഞപ്പോള്‍ സുരേഷ്‌കുമാര്‍ എന്നെ വിളിച്ചു.
പേടിയോടെയാണ് സുരേഷ് എന്നെ വിളിച്ചത്. എന്നോട് എല്ലാ വിവരങ്ങളും പറഞ്ഞു. ബിജുമേനോനെ ഒരു കേസില്‍ കുടുക്കുമെന്ന് ചില പൊലീസുകാര്‍ പറഞ്ഞതായി വിവരം ലഭിച്ചെന്നായിരുന്നു സുരേഷ് പറഞ്ഞത്. ഒരു നടി മരിച്ചതില്‍ ബിജുമേനോന് പങ്കുണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. ബിജുമേനോന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നാണ് കിട്ടിയ വിവരം. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു.
ചില ബന്ധങ്ങള്‍ വച്ച് അന്വേഷിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അറിയാന്‍ സാധിച്ചത്. സിലോണില്‍ നിന്ന് എത്തിയതോടെ സുരേഷ്‌കുമാര്‍ ആ വനിതാ എംഎല്‍എയുടെ ക്വാട്ടേഴ്‌സിലേക്ക് ചെല്ലുകയായിരുന്നു. അവിടെ എംഎല്‍എയോടൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവര്‍ എന്തൊക്കെയോ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതോടെ സുരേഷ്‌കുമാറും ബിജുമേനോനും കെ കരുണാകരന്റെ മകള്‍ പത്മജയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവങ്ങളെല്ലാം പത്മജയോട് പറഞ്ഞു. അവിടെവച്ചുതന്നെ പത്മജ ആ എംഎല്‍എയെ വിളിച്ച് നന്നായി ശകാരിച്ചു. ഇനി ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് പത്മജ വാക്കുകൊടുത്തതിനുശേഷമാണ് ബിജുമേനോനും സുരേഷ്‌കുമാറും അവിടെ നിന്ന് പോയത്. പിന്നീട് ഒരു ശല്യവും ഉണ്ടായിട്ടില്ല”- ആലപ്പി അഷ്റഫ് പറഞ്ഞു.