ജെറുസലേം: ഹിസ്ബുല്ലയുടെ നേതൃപദവിയിലേക്ക് പരണിഗണിച്ചിരുന്ന ഒരു പ്രധാനിയെ കൂടി വകവരുത്തി ഇസ്രയേല്‍. ഹിസ്ബുല്ലയുടെ തലവനായി പലരും ചൂണ്ടിക്കാട്ടിയ അവരുടെ ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഹസന്‍ ഖലില്‍ യാസിനാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ വ്യോമാക്രമണമാണ് ഖലിലിന്റെ ജീവനെടുത്തത്. ഇതോടെ ഹിസ്ബുള്ളയുടെ പ്രധാനികളെയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമായി. ലബനനിലെ സിറിയന്‍ അഭയാര്‍ത്ഥികളാണ് നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് ഹിസ്ബുള്ളയുടെ നിഗമനം. ഇത്തരക്കാര്‍ക്കെതിരെ ഹിസ്ബുള്ള നടപടികള്‍ എടുക്കുമ്പോഴാണ് ഹിസ്ബുള്ളയുടെ മറ്റൊരു പ്രധാനിയും കൊല്ലപ്പെടുന്നത്.
ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം കഴിഞ്ഞ ദിവസം വന്നിരുന്നു. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാരനായ നസ്റുല്ലയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ ആരാകും നസ്റുല്ലയുടെ പകരക്കാരന്‍ എന്ന ചര്‍ച്ച ഉയര്‍ന്നു. ഖലില്‍ യാസിനേയും ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ഖലില്‍ യാസിനും കൊല്ലപ്പെടുന്നത്.
ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാന്‍ഡര്‍ അലി കരാക്കെയാണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. എന്നാല്‍, കഴിഞ്ഞയാഴ്ച, ഹിസ്ബുല്ലയുടെ മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹീം ഖുബൈസിയെയും ഇസ്രായേല്‍ വധിച്ചിരുന്നു. 1992 മുതല്‍ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസന്‍ നസ്റുല്ല. സംഘടനയെ സൈനികമായും രാഷ്ട്രീയമായും ശക്തമാക്കിയ നസ്റുല്ലയെ ലക്ഷ്യമിട്ട് മുമ്പും ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2006ല്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിലും നസ്റുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം നസ്റുല്ല പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ പേജര്‍, വോക്കിടോക്കി സ്ഫോടനങ്ങളില്‍ നടത്തി നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഞെട്ടിച്ചതായും തിരിച്ചടിക്കുമെന്നും ഹസന്‍ നസ്റുല്ല വ്യക്തമാക്കിയിരുന്നു. പിന്നാലെ തെക്കന്‍ ലബനാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒറ്റദിവസം അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല തലവനെ തന്നെ ലക്ഷ്യമിട്ട് ഇസ്രായേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിനെ നിരന്തരം വെല്ലുവിളിക്കുമ്പോഴും മാധ്യമങ്ങളെയും പൊതുവേദികളെയും ഒഴിവാക്കിയ ഹിസ്ബുള്ള മേധാവിയാണ് ഹസന്‍ നസറുള്ള. പൊതുവേദിയിലെ ഏതു സാന്നിധ്യവും ഇസ്രയേല്‍ സൈന്യത്തിന് ആയുധമാകുമെന്ന തിരിച്ചറിവും ഭയവുമായിരുന്നു ഇതിനു കാരണം.
ഒരു സര്‍ക്കാരിന്റെ ഭാഗമല്ലാത്ത ലോകത്തെ ഏറ്റവും വലിയ സായുധ സംഘടനയാണ് ഇന്ന് ഹിസ്ബുല്ല. നാലുദശാബ്ദങ്ങളുടെ മാത്രം പഴക്കമുള്ള ഹിസ്ബുല്ലയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് ഹസന്‍ നസ്‌റുള്ളയായിരുന്നു. സയ്യിദ് അബു മുസാവിയുടെയും കുടുംബത്തിന്റെയും കൊലപാതകത്തിന് പിന്നാലെ 1992-ലാണ് നസ്‌റുള്ള ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് എത്തുന്നത്. അന്നുമുതല്‍ ഹിസ്ബുല്ലയെ ശക്തിപ്പെടുത്തുന്നതില്‍ ഇറാന്റെ സജീവ പിന്തുണയോടെയായിരുന്നു നസ്‌റുള്ളയുടെ പ്രവര്‍ത്തനം.
ഇനി ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ ഹാഷിം സഫീദ്ദീന്‍ ആയിരിക്കും നസ്‌റുല്ലയുടെ പകരക്കാരന്‍ എന്നാണ് നിലവിലെ വിലയിരുത്തല്‍. വെള്ളിയാഴ്ച ഹിസ്ബുല്ലയുടെ ഭൂഗര്‍ഭ ബങ്കറിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍നിന്ന് സഫിദ്ദീന്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന സഫിദ്ദീന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ടെഹ്‌റാനിലായിരുന്നു. നസ്‌റുല്ലയുടെ ബന്ധുകൂടിയായ സഫിദ്ദീന്‍ 1990-കളിലാണ് ഹിസ്ബുള്ളയിലെത്തുന്നത്. രണ്ടുവര്‍ഷം കൊണ്ട് സംഘടനയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തലവനായും നിയമിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഹിസ്ബുള്ളയുടെ വിദ്യാഭ്യാസ സമ്പ്രദായം, വിദേശ നിക്ഷേപം ഉള്‍പ്പെടുന്ന സാമ്പത്തിക ഉള്‍പ്പെടെയുള്ള സിവിലിയന്‍ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും സഫിദ്ദീന്‍ ആണ്.