സ്വന്തം കഴിവിനെക്കുറിച്ച് പാടിപ്പുകഴ്ത്തരുത്, നമ്മുടെ പ്രവർത്തിപഥങ്ങളിൽ ആ പ്രതിഭ പ്രതിഫലിക്കണം
വെളിച്ചം
ആ തത്ത വളരെ അഹങ്കാരിയായിരുന്നു. ഒരു ദിവസം അവള്‍ പരുന്തിനോട് പറഞ്ഞു:
“എനിക്ക് എത്ര ഉയരമുളള മരത്തിനുമുകളിലും പറക്കാനാകും. നിനക്കെത്ര ഉയരത്തില്‍ പറക്കാനാകും?”
പരുന്ത് പറഞ്ഞു:
“ഞാന്‍ നന്നായി പറക്കുന്ന ആളല്ല. അതുകൊണ്ട് ഞാന്‍ മരങ്ങളുടെ പൊക്കത്തിനൊപ്പം ഉയരാറില്ല…”
“ഞാന്‍ നിന്നെ ഉയരത്തില്‍ പറക്കാന്‍ പഠിപ്പിക്കാം…”
തത്ത പറഞ്ഞു.
പരുന്ത് സമ്മതിച്ചു.
തത്ത കാണിച്ചു കൊടുത്തതു പ്രകാരം പരുന്ത് പറക്കാന്‍ തുടങ്ങി. അത് മുകളിലേക്കുയരുന്നതും ഒഴുകി നടക്കുന്നതും കണ്ട് തത്ത അമ്പരന്നു.
പരുന്ത് തിരിച്ചെത്തിയപ്പോള്‍ തത്ത ചോദിച്ചു:
“നീ ഇത്രയേറെ മിടുക്കനാണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല…”
പരുന്ത് പറഞ്ഞു:
“ഞാന്‍ പറഞ്ഞു നടക്കാറില്ല. ആവശ്യത്തിനനുസരിച്ച് ചെയ്ത് കാണിക്കും…”
ചിലര്‍ അങ്ങിനെയാണ് അവരുടെ കഴിവുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ മറ്റുചിലരുടെ കഴിവുകള്‍ അവരെക്കുറിച്ച് സംസാരിക്കും.
സ്വന്തം മികവുകളെക്കുറിച്ച് ഉത്തമബോധ്യമുളളവര്‍ സ്വയം പുകഴ്ത്തി നടക്കില്ല. അവരുടെ പ്രവൃത്തിപഥങ്ങളില്‍ ആ മികവുകളുടെ അടയാളങ്ങള്‍ പ്രത്യേക്ഷപ്പെട്ടുകൊണ്ടേയിരിക്കും. അസാധാരണപ്രവൃത്തികള്‍ ചെയ്യുന്നവരെ ആളുകള്‍ പിന്തുടരുന്നത് അവരുടെ കഴിവില്‍ പ്രതീക്ഷയുളളത് കൊണ്ടാണ്. അവര്‍ക്ക് പരസ്യങ്ങളുടെ ആവശ്യമില്ല. ആരുടേയും അഭിനന്ദനങ്ങള്‍ക്കോ ആദരവിനോ വേണ്ടിയല്ല അവര്‍ സ്വയം നവീകരിക്കുന്നത്.
നമ്മുടെ പ്രവൃത്തികള്‍ നമ്മെക്കുറിച്ച് സംസാരിക്കട്ടെ.
സ്വയം പരസ്യമാകാതിരിക്കാന്‍ നമുക്കും ശ്രദ്ധിക്കാം.
ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ