മലയാളികളുടെ സ്വപ്നഭൂമിയാണ് തായ്‌ലൻഡ്. സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ അടിച്ചുപൊളിച്ച് ആഘോഷിച്ച് ആഹ്ലാദിക്കാവുന്ന നാട്. വിമാനയാത്രക്കൂലി ഒഴിവാക്കിയാൽ മലയാളികൾക്ക് കൊച്ചിയിൽ വന്നു പോകുന്നതിനേക്കാൾ ചെലവ് കുറവാണ് തായ്‌ലൻഡ് യാത്രയ്ക്ക്. വിസയും ഫ്രി. പക്ഷേ ഇപ്പോഴിതാ തായ്‌ലൻഡ് ഇടക്കാലത്ത് ഒഴിവാക്കിയ ടൂറിസം ടാക്സ് വീണ്ടും ഏർപ്പെടുത്തുന്നു.
വിമാനമാർഗം എത്തുന്നവരിൽ നിന്ന് 300 ബാത്ത് (ഏകദേശം 750 രൂപ)യും റോഡിലൂടെയോ കടൽമാർഗമോ എത്തുന്നവരിൽ നിന്ന് 150 ബാത്ത് എന്ന തോതിലാണ് ഈ ടാക്സ് ഈടാക്കുക. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ തുക ടൂറിസം കേന്ദ്രങ്ങളുടെ വികസനം, അടിസ്ഥാന സൗകര്യ വർദ്ധനവ്, സഞ്ചാരി സുരക്ഷ എന്നീ മേഖലകളിൽ നിക്ഷേപിക്കും. പുതിയ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെൻതോങ്ങാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വൈകാതെ തന്നെ സഞ്ചാരികളില്‍ നിന്ന് ഈ തുക ഈടാക്കുമെന്നാണ് വിവരം.
തായ്‌ലൻഡ് ഒരു വർഷം കൊണ്ട് ടൂറിസം വരുമാനം മൂന്ന് ട്രില്ല്യൺ ബാത്ത് ആക്കുക എന്ന ലക്ഷ്യത്തിലാണ് ടൂറിസം മന്ത്രി സൊറവോങ്ങ് തിയെന്‍തോങ്ങ്. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് ടൂറിസം ടാക്സ്.