മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ.ജി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്ന് ഒരു വർഷം. ചലച്ചിത്രകലയെ അടിമുടി നവീകരിച്ച, കാലം കഴിയും തോറും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കെ.ജി ജോര്‍ജിനെപ്പോലെ മറ്റൊരു അപൂർവ്വ പ്രതിഭയ്ക്ക് മലയാള സിനിമ വേറെ ജന്മം നല്‍കിയിട്ടില്ല. മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്ന ആര്‍ക്കും സ്വന്തം നിലക്ക് പിന്തുടരാവുന്ന ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കെ ജി ജോര്‍ജ് സിനിമകൾ.
കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് അദ്ദേഹം. ഇരുപതോളം സിനിമകളേ കെ ജി ജോര്‍ജ് ചെയ്തിട്ടുള്ളൂ എന്നാല്‍ മലയാള ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം തിരികൊളുത്തി.
നായക- നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ ചോദ്യം ചെയ്തു. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെസി ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.
മലയാള സിനിമയെ സാഹിത്യഭാഷയില്‍ നിന്ന് ദൃശ്യഭാഷയിലേക്ക് മോചിപ്പിച്ചത് കെ ജി ജോര്‍ജാണ്. വിസ്മയകരമായ വൈവിധ്യമാണ് അതിന്‍റെ കാതല്‍. ഓരോ കാഴ്ചയിലും ഓരോ തരം അനുഭവങ്ങളും അത്ഭുതങ്ങളുമാണ് ഇന്നും ജോര്‍ജിന്‍റെ സിനിമകള്‍.
1946 മേയ് 24ന് കെ.ജി സാമുവലിന്റേയും അന്നാമ്മയുടേയും മകനായി തിരുവല്ലയിലാണ് കെജി ജോര്‍ജ് ജനിച്ചത്. കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. 1972ല്‍ രാമു കാര്യാട്ടിന്റെ ‘മായ’ എന്നചിത്രത്തിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതത്തിലേക്ക് പ്രവേശിച്ചു. രാമുകാര്യാട്ട് സംവിധാനം ചെയ്ത 1974ലെ ‘നെല്ലിന്റെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ആസ്വാദകരുടേയും നിരൂപകരുടേയും ശ്രദ്ധനേടി കെ ജി ജോര്‍ജ്.
ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു. 2023 സെപ്റ്റംബർ 24 ന് ആ ജീവിതത്തിൻ്റെ യവനിക താഴ്ന്നു.