കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്ന കാര്യത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍. ഇക്കാര്യത്തില്‍
മക്കളുടെ അനുമതികള്‍ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാനും നിര്‍ദേശം.
മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യന്‍ മതാചാര പ്രകാരം സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകള്‍ ആശ ലോറന്‍സാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.
പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയില്‍ വച്ചാണെന്നും മകള്‍ ആശാ ലോറന്‍സ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ലോറന്‍സിന്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയില്‍ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറന്‍സ് ഹര്‍ജിയില്‍ പറഞ്ഞു.
ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാന്‍ മറ്റു 2 മക്കളും തീരുമാനിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ പിതാവ് പ്രകടിപ്പിച്ച ആഗ്രഹത്തെ തുടര്‍ന്നാണ് ഇക്കാര്യം ചെയ്യുന്നതെന്നാണ് മകന്‍ അഡ്വ. എം.എല്‍.സജീവന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മൃതദേഹം എന്തു ചെയ്യണമെന്നത് എം.എം.ലോറന്‍സിന്റെ കുടുംബം തീരുമാനിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും വ്യക്തമാക്കിയിരുന്നു.