CrimeNEWS

മകളുമായുള്ള വിവാഹത്തിന് സമ്മതിച്ചു, ഓണാഘോഷത്തിനും യുവാവിനെ ക്ഷണിച്ചു; മദ്യലഹരിയില്‍ അരുംകൊല

കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം നാന്‍സി വില്ലയില്‍ അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായത്.

പ്രസാദിന്റെ മകളുമായി അരുണ്‍ സൗഹൃദത്തിലായിരുന്നു. മുന്‍പും അരുണിനെ പ്രസാദ് ഭീഷണിപ്പെടുത്തി. ഇരവിപുരം പൊലീസില്‍ ഇതുസംബന്ധിച്ച് പരാതിയുണ്ടായിരുന്നു. വിവാഹം നടത്തികൊടുക്കാമെന്ന് പിന്നീട് പ്രസാദ് പറഞ്ഞിരുന്നു. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ പ്രസാദ് അരുണിനെയും പങ്കെടുപ്പിച്ചു. ഓണാഘോഷത്തിനും അരുണിനെ പ്രസാദ് വിളിച്ചു. എന്നാല്‍ മദ്യപിച്ചാല്‍ പ്രശ്‌നമുണ്ടാക്കുന്നയാളാണ് പ്രസാദെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ അരുണുമായി വാക്കേറ്റമുണ്ടായശേഷം പ്രസാദ് കുത്തുകയായിരുന്നു.

Signature-ad

പ്രസാദിനെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി1 റിമാന്‍ഡ് ചെയ്തു. കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണു കൊലപാതകം നടന്നത്. അരുണിനെ കുത്തിയശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്നലെ വെസ്റ്റ് പൊലീസിനു കൈമാറി. വെസ്റ്റ് പൊലീസ് ആണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

Back to top button
error: