CrimeNEWS

”20 ലക്ഷവും സ്വര്‍ണവും അജ്മല്‍ തട്ടിയെടുത്തു, തിരിച്ച് കിട്ടാന്‍ സൗഹൃദം നിലനിര്‍ത്തി; മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചു”

കൊല്ലം: മദ്യലഹരിയില്‍ കാര്‍ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശി അജ്മലിനെതിരെ കൂട്ടുപ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെ (27) മൊഴി. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടുപ്പിച്ചെന്നാണ് ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞത്. മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളെ (45) കൊലപ്പെടുത്തിയ കേസില്‍ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിനത്തില്‍ വൈകിട്ട് 5.47നായിരുന്നു അപകടം. റോഡില്‍ വീണ കുഞ്ഞുമോളുടെ മേല്‍, കണ്ടു നിന്നവര്‍ തടഞ്ഞിട്ടും കാര്‍ കയറ്റിയിറക്കുകയായിരുന്നു. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി കുഞ്ഞുമോള്‍ ബന്ധുവായ ഫൗസിയ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് പാഞ്ഞെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്. 20 ലക്ഷംരൂപയും സ്വര്‍ണാഭരണവും അജ്മല്‍ തട്ടിയെടുത്തെന്നും അത് തിരികെ കിട്ടാനാണ് സൗഹൃദം നിലനിര്‍ത്തിയതെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. തിരുവോണ ദിവസവും തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നത്. കുഞ്ഞുമോള്‍ വീണതോ കാര്‍ ദേഹത്തു കയറിയതോ കണ്ടില്ല. താന്‍ നിരപരാധിയാണെന്നും കെണിയില്‍ വീണതാണെന്നും ശ്രീക്കുട്ടി മൊഴി നല്‍കി.

Signature-ad

അപകടത്തിനു ശേഷം നാട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്നാണ് കാറുമായി പാഞ്ഞതെന്നും കാറിന്റെ പിന്‍സീറ്റിലിരുന്ന ഡോക്ടറെ അനാവശ്യമായി പ്രതിയാക്കിയെന്നും പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടാല്‍ ജനങ്ങള്‍ ആക്രമിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ സ്‌കൂട്ടറില്‍ കാര്‍ തട്ടിയത് വരെ മാത്രമാണ് അപകടമെന്നും തുടര്‍ന്നു നടന്നത് ക്രൂരമായി നരഹത്യയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനു മുതിരാതെ വണ്ടിയെടുക്കാന്‍ പ്രേരിപ്പിച്ച ഡോക്ടര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മൂന്ന് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസം മാത്രമാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: