CrimeNEWS

യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ അപകടം നടക്കുമ്പോള്‍ കാറിന് ഇന്‍ഷുറന്‍സ് ഇല്ല; പുതുക്കിയത് അപകടത്തിനുശേഷം; അജ്മലിനും വനിതാ ഡോക്ടര്‍ക്കും കുരുക്കായി നിര്‍ണായക വിവരം പുറത്ത്

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാതക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

അപകട ശേഷം ഓണ്‍ലൈന്‍ വഴി KL 23Q9347 എന്ന കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. അപകടമുണ്ടാക്കിയ കാറാണിത്. കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയതില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, കേസില്‍ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെടും.

Signature-ad

കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്.

മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് അപകടമുണ്ടായത്. അപകട സമയം കാര്‍ അമിത വേഗത്തിലായിരുന്നു. സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാര്‍ ശരീരത്തിലൂടെ കയറിയിറക്കി. നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ പാഞ്ഞ കാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്റെ ഡോര്‍ തുറന്ന് അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.

പതിനാറിന് പുലര്‍ച്ചെ അജ്മലിനെ പൊലീസ് പിടികൂടി. അജ്മലിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ ശ്രീക്കുട്ടിയും കേസില്‍ പ്രതിയാണ്. അപകട ശേഷം കാര്‍ ഓടിച്ചു പോകാന്‍ പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. കേസില്‍ പ്രതിയായതോടെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

അതേസമയം ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. മനപ്പൂര്‍വ്വമുള്ള നരഹത്യ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

മദ്യലഹരിയിലായിരുന്ന പ്രതികള്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.അജ്മലിന്റെയും ശ്രീക്കുട്ടിയുടെയും രക്ത സാമ്പിള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അജ്മലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിരുന്നു. ഇന്‍ഷുറന്‍സ് പുതുക്കിയതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും പൊലീസ് വിവരം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: