CrimeNEWS

അമ്മേ മാപ്പ്: കേരളം പെറ്റമ്മയെ കൊല്ലുന്ന ക്രൂരന്മാരുടെ നാട്, കാസർകോട് ഇന്നലെ മകൻ  മൺവട്ടികൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

നൊന്തു പ്രസവിച്ച് പ്രാണനെപ്പോലെ പോറ്റിവളർത്തിയ മക്കൾ അമ്മയുടെ അന്തകരായി മാറുന്ന വാർത്തകൾ പ്രതിദിനം കേട്ടുകൊണ്ടിരിക്കുന്നു. ഒടുവിൽ വന്ന വാർത്ത, ഇന്നലെ കാസർകോട്  നഫീസ എന്ന 62 കാരിയെ  മകൻ നാസർ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ്.

  കാസർകോട് പൊവ്വൽ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട നഫീസ. വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഇവരുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു.

Signature-ad

അമ്മയെ രക്ഷിക്കാനായി ശ്രമിച്ച സഹോദരൻ മജീദിനെ പ്രതി തലയ്ക്കടിച്ചു വീഴ്ത്തി. സാരമായി പരുക്കേറ്റ ഇയാളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കത്തികാട്ടി സ്ഥലത്തു പരിഭ്രാന്തി സൃഷ്ടിച്ച് ഓടി രക്ഷപ്പെട്ട നാസറിനെ  നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

നബീസയുടെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം  ഇന്ന് ബന്ധുക്കൾക്കു കൈമാറും. മറ്റുമക്കൾ:അബ്ദുൽ ഖാദർ, ഇക്ബാൽ, ഇർഫാന, ഇർഷാന.
*       *        *
കൊട്ടാരക്കര ചെങ്ങമനാട് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് ഒരാഴ്ച മുമ്പാണ്. തലവൂര്‍ അരിങ്ങട ചരുവിള പുത്തന്‍വീട്ടില്‍ മിനിയെ (50) കൊലപ്പെടുത്തിയ കേസില്‍ മകന്‍ ജോമോനെ(30)യാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2023 ജൂലൈ 23ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ചെങ്ങമനാട് ജങ്ഷനിലായിരുന്നു സംഭവം. കലയപുരം ‘ആശ്രയ’ലെ അന്തേവാസിയായി കഴിഞ്ഞുവന്ന മിനിയെ ജോമോന്‍ ബൈക്കിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന ചെങ്ങമനാട് ജങ്ഷനില്‍ എത്തിച്ചശേഷം കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊട്ടാരക്കര പൊലിസാണ് പ്രതിക്കെതിരേ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.
*       *        *
കൊല്ലം കുണ്ടറയിലെ പടപ്പക്കരയിൽ പുഷ്പലത എന്ന 45കാരിയെ കൊലപ്പെടുത്തിയത് മകൻ അഖിൽ കുമാറാണ്. ക്രൂരമായാണ് പുഷ്പലത കൊല്ലപ്പെട്ടത്. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ​ചികിത്സയിൽ കഴിയുന്ന പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.  പുഷ്പലതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പണം ആവശ്യപെട്ട് മകൻ അഖിൽ കുമാർ (25) ഇക്കഴിഞ്ഞ ദിവസം വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. മകൻ ഉപദ്രവിക്കുന്നുവെന്ന് ഇവർ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് പൊലീസ് എത്തി അഖില്‍ കുമാറിന് താക്കീത് നല്‍കി മടങ്ങി. തുടര്‍ന്ന് അടുത്ത ദിവസം രാവിലെയാണ് പുഷ്പലതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
*       *        *
 മാളയിൽ കഞ്ചാവിന് അടിമയായ മകൻ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ അമ്മയെ വെട്ടിക്കൊന്നു. വലിയകത്ത് ഷാജഹാന്റെ ഭാര്യ ഷൈലജയാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റു ചെയ്തു.

രാവിലെ ഒമ്പതോടെയാണ് നാടിനെ നടുക്കിയ സംഭവം. അടുക്കളയിൽ നിൽക്കുകയായിരുന്ന അമ്മയെ മകൻ കഴുത്തിൽ വെട്ടുകയായിരുന്നു. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണ കാരണം. 29 കാരനായ മകൻ ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

ചാലക്കുടിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ശൈലജയ്ക്ക്ആദിലിനെ കൂടാതെ മറ്റു മൂന്നു മക്കൾ കൂടിയുണ്ട്.  ഭർത്താവ് ഷാജഹാൻ പത്തുവർഷം മുൻപ് മരിച്ചു.
*       *        *

തൃശൂർ എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ ചന്ദ്രമതി മരിച്ചത് കുറച്ചു നാൾ മുമ്പാണ്. കുടുംബ വഴക്കിനിടെ മകന്‍ സന്തോഷ്, 68 കാരിയായ അമ്മ ചന്ദ്രമതിയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. 38 കാരനായ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് എത്തിയ മകൻ വെട്ടുകത്തി കൊണ്ട് ചന്ദ്രമതിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ചന്ദ്രമതിയുടെ തലയ്ക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: