KeralaNEWS

കാന്‍സറിന് പിന്നാലെ വീടിന് ജപ്തി ഭീഷണിയും; നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി

ആലപ്പുഴ: ജപ്തി ഭീഷണി നേരിടുന്ന നിര്‍ധന കുടുംബത്തിന് സഹായ ഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചേര്‍ത്തല പെരുമ്പളം സ്വദേശി രാജപ്പന്‍ എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് സുരേഷ് ഗോപി പണമടച്ച് തിരിച്ചെടുത്ത് നല്‍കിയത്. പൂച്ചാക്കല്‍ കേരള ബാങ്കില്‍ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപിയുടെ ട്രസ്റ്റില്‍ നിന്നു നല്‍കിയാണ് ജപ്തി ഒഴിവാക്കിയത്.

തിങ്കളാഴ്ച കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി രാജപ്പനും കുടുബത്തിനും ജപ്തി നടപടികള്‍ ഒഴിവാക്കിക്കൊണ്ടുള്ള രേഖകള്‍ കൈമാറുകയും ചെയ്തു. മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ മകള്‍ രശ്മി കാന്‍സര്‍ വന്ന് മരിച്ചിരുന്നു. ഇതോടെ രശ്മിയുടെ രണ്ടു മക്കളുടെയും ഉത്തരവാദിത്തം രാജപ്പന്റെ ചുമലിലായി. ഇതിനിടെ രാജപ്പന്റെ ഭാര്യ മിനിക്കും കാന്‍സര്‍ സ്ഥിരീകരിച്ചു.

Signature-ad

എന്നാല്‍ അവിടെയും ദുരന്തങ്ങള്‍ അവസാനിച്ചില്ല. രശ്മിയുടെ മകള്‍ ആരഭിക്കും കാന്‍സറാണ്. ആരഭിയുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കാമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യം ഒരുക്കാന്‍ പറ്റി. മജ്ജ ദാനം ചെയ്യാനൊരാളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മജ്ജ ദാനം ചെയ്യുന്നവര്‍ക്ക് പണം നല്‍കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Back to top button
error: