KeralaNEWS

കണ്ണീരോണം: കോട്ടയം സ്വദേശികളായ 3 സ്ത്രീകളുടെ പ്രാണൻ കവർന്ന് കാഞ്ഞങ്ങാട്  അപകടം, നെഞ്ചകം തകർന്ന് നാട്

    ആഹ്ലാദത്തിൻ്റെ ആരവങ്ങൾ എത്ര പെട്ടെന്നാണ് നിലച്ചത്. അടങ്ങാത്ത സങ്കടങ്ങളുടെ ആർത്തനാദം ക്ഷണനേരം കൊണ്ട് ഒരു നാടിനെയാകെ പിടിച്ചുലച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ എയ്ഞ്ചലീന ഏബ്രഹാം, ആലീസ് തോമസ്, ചിന്നമ്മ ഉതുപ്പായ് എന്നീ 3 സ്ത്രീകൾ കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച ദാരുണ സംഭവത്തിൻ്റെ നടുക്കത്തിലാണ് തിരുവോണപ്പുലരിയിൽ കേരളം മിഴി തുറന്നത്.

കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയുടെ മകൻ ജസ്റ്റിന്റെയും കോട്ടയം ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെ മകൾ മാർഷയുടെയും വിവാഹമായിരുന്നു ഇന്നലെ. കള്ളാർ സെന്റ് തോമസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഇന്നലെ (ശനി) രാവിലെ മലബാർ എക്സ്പ്രസിലാണ് ചിങ്ങവനത്തു നിന്ന് 52 പേർ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയത്. അവിടെ നിന്ന് ബസിലാണ്  കള്ളാറിലേക്ക് പോയത്. വിവാഹ ശേഷം രാത്രി തന്നെ മലബാർ എക്സ്പ്രസിൽ തിരിച്ചു മടങ്ങാനായിരുന്നു പ്ലാൻ.

Signature-ad

പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞ്  ഭക്ഷണവും കഴിച്ച് ആഹ്ലാദപൂർവ്വം 2 ബസുകളായി സംഘം സന്ധ്യയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. സ്റ്റേഷനോടു ചേർന്നുള്ള നടവഴിയിലൂടെ ആദ്യം ഒന്നാം പ്ലാറ്റ്ഫോമിൽ വന്നു. അവിടെ നിന്ന് ട്രാക്ക് കുറുകെ കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലെത്തി. അപ്പോഴാണ് പിന്നാലെ വന്നവർ പറയുന്നത്, ട്രെയിൻ എത്തുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന്. ഇതേ വഴിയിലൂടെ തിരികെ ഒന്നാം പ്ലാറ്റ്ഫോമിലേക്കു നടന്നു. അപ്പോഴാണ് കണ്ണൂർ ഭാഗത്തുനിന്ന് കോയമ്പത്തൂർ- ഹിസാർ എക്സ്പ്രസ്  മരണ ദൂതുമായി അലറിപ്പാഞ്ഞു വന്നത്. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവർ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. നിലവിളിയും ഒച്ചയും കേട്ടു കൂടെ വന്നവർ ഭയന്നു വിറച്ചു. ആരൊക്കെയാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കൾ പരിഭ്രാന്തരായി.

സംഭവസ്ഥലത്തു നിന്നു 150 മീറ്റർ അപ്പുറത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. 3 പേരുടെയും ശരീരം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. ശരീരഭാഗങ്ങൾ ചിലത് മംഗളൂരു ജംക്‌ഷനിൽ നിന്നും കണ്ടെത്തി. ഹിസാർ എക്സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ പിന്നെ സ്റ്റോപ് ഉള്ളത് മംഗളൂരു ജംക്‌ഷനിൽ മാത്രമാണ്.

ഓണത്തിരക്കിൽ അമർന്ന കാസർകോടിനെ ഞെട്ടിച്ചാണ് രാത്രി ട്രെയിൻ തട്ടി 3 സ്ത്രീകളുടെ ദാരുണാന്ത്യം സംഭവിച്ചത്. കോട്ടയം ചിങ്ങവനത്തു നിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകൾക്ക് എത്തിയ സംഘത്തിലെ 3 പേരാണു ഉത്രാടദിനത്തിൽ രാത്രി 7.15ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചത്.

ചിന്നമ്മയുടെ ഭർത്താവ്: പി.എ ഉതുപ്പായ്. മക്കൾ: ലിജു, ലിനു, സിനു. ആലീസിന്റെ ഭർത്താവ്: പി.എ.തോമസ്. മക്കൾ: മിഥുൻ, നീതു. മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാഗമാണ് എയ്ഞ്ചല. ഭർത്താവ് റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനീയറാണ്. പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല വിവാഹത്തിനു പോകാനായി കഴിഞ്ഞദിവസമാണു കോട്ടയത്തെത്തിയത്.

സംഭവത്തെ തുടർന്നു മലബാർ എക്സ്പ്രസ് കോട്ടക്കുളം സ്റ്റേഷനിൽ പിടിച്ചിട്ടു. പിന്നീട് 8.15ന് ആണ് ട്രെയിൻ കാഞ്ഞങ്ങാട് എത്തിയത്.  ശരീരഭാഗങ്ങൾ 3 ആംബുലൻസുകളിലാണ് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

മകളുടെ വിവാഹത്തിനെത്തിയ ഭാര്യാമാതാവ് ഉൾപ്പെടെയുള്ളവർ ട്രെയിൻതട്ടി മരിച്ചതിന്റെ ഞെട്ടലിലാണു ബിജു ഏബ്രഹാം. വിവാഹ ചടങ്ങുകൾക്ക് ശേഷം മകളെ വരന്റെ വീട്ടിലാക്കി സന്തോഷത്തോടെ മടങ്ങുമ്പോഴാണ് ഒപ്പം വന്നവരുടെ ദാരുണാന്ത്യം. വിവാഹ സംഘത്തിലെ മറ്റുള്ളവരെ മലബാർ എക്സ്പ്രസിൽ കയറ്റി വിട്ടശേഷം ഇദ്ദേഹം തുടർ നടപടികൾക്കായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. വേണ്ടപ്പെട്ടവർ കൂടെയില്ലാതെ എങ്ങനെ തിരിച്ചു പോകുമെന്ന് ഇദ്ദേഹം സങ്കടപ്പെട്ടപ്പോൾ ആർക്കും സമാധാനിപ്പിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: