തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് വിവാദങ്ങളെ പുതിയ തലത്തിലെത്തിക്കുകയാണ്. അടുത്ത പോലീസ് മേധാവിയാകാനുള്ള പോരും പിവി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നിലുണ്ടെന്ന ആരോപണം സജീവമാണ്. അതിനിടെയാണ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്. ഇതോടെ പോലീസ് മേധാവിയാകാനുള്ള പട്ടികയില്‍ ഇടംപിടിക്കാന്‍ അജിത് കുമാറിന് വെല്ലുവിളികള്‍ കൂടി.
പിവി അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം തുടങ്ങി, അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിജിപി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ് ഐ ആര്‍ രേഖപ്പെടുത്തും. അങ്ങനെ വന്നാല്‍ പോലീസ് മേധാവിയാകാനുള്ള അജിത് കുമാറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. മറ്റ് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് അജിത് കുമാറില്‍ നിന്ന് മൊഴിയെടുക്കാനായി നോട്ടീസ് നല്‍കും.
മുമ്പ് ടോമിന്‍ തച്ചങ്കരിയുടെ പോലീസ് മേധാവിയാകാനുള്ള മോഹം തട്ടിതെറുപ്പിച്ചത് ഇത്തരത്തിലുള്ള വിജിലന്‍സ് കേസിലൂടെയാണ്. കേസുകള്‍ ഉള്ളവരെ സാധാരണ അന്തിമ ചുരുക്കപ്പട്ടികയില്‍ യുപിഎസ് സി ഉള്‍പ്പെടുത്താറില്ല. തച്ചങ്കരിയുടെ കാര്യത്തില്‍ ഇത് സംഭവിച്ചതാണ്. സമാന കുരുക്കായി ഈ വിജിലന്‍സ് കേസ് അജിത് കുമാറിന് മാറും. കേരളത്തിന് കേന്ദ്രത്തിന് നല്‍കുന്ന ഐപിഎസുകാരുടെ വിവരങ്ങളില്‍ കേസെടുത്താല്‍ അതും ഉള്‍പ്പെടുത്തേണ്ടി വരും. ഇതിനുള്ള സാധ്യതകളാണ് ഡിജിപിയുടെ നീക്കം ചര്‍ച്ചയാക്കുന്നത്. അജിത് കുമാറിനെതിരായ ആരോപണം അന്വേഷിക്കാന്‍ പോലീസ് മേധാവിയോടാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് പോലീസ് മേധാവി വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനെ തള്ളാന്‍ സര്‍ക്കാരിനും കഴിയില്ല.
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അനധികൃത സ്വത്തുസമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തിയേക്കും. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സിന് കൈമാറും. ഐജി തന്റെ മൊഴിയെടുക്കേണ്ടെന്ന് അജിത് കുമാര്‍ ആവശ്യപ്പെട്ടതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നാണ് അജിത് കുമാറിന്റെ ആവശ്യം. ഐജി സ്പര്‍ജന്‍ കുമാറിനെയായിരുന്നു അജിത് കുമാറിന്റെ മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. ശനിയാഴ്ച എഡിജിപിയുടെ മൊഴി ഡിജിപി നേരിട്ടെടുത്തേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
പോലീസ് ഉന്നതതല സ്ഥലംമാറ്റത്തിനു പിന്നാലെ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചിരുന്നു. 14 മുതല്‍ നാലുദിവസത്തേക്കാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം അവധിയില്‍ പോകുന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍, വിവാദം ഉയരുന്നതിനുമുന്‍പേ അവധിക്ക് അപേക്ഷിച്ചിരുന്നെന്നാണ് വിവരം. വിവാദം കണക്കിലെടുത്ത് അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് നീക്കുമെന്നും സംശയം ഉയര്‍ന്നിരുന്നു.
ഇടതുസര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്ന ടോമിന്‍ തച്ചങ്കരിക്കുണ്ടായത് തനിക്ക് സംഭവിക്കരുതെന്ന ഉദ്ദേശ്യത്തോടെ അജിത് കുമാര്‍ നീങ്ങിയതാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ആയതെന്നും വിലയിരുത്തല്‍ ഉണ്ട്. ഇതിന് കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്ന ആര്‍എസ്എസിന്റെ പിന്തുണ അനിവാര്യതയായി എഡിജിപി കണ്ടു. ഇതിന് വേണ്ടി സഹപാഠി കൂടിയായ ഉന്നത ആര്‍ എസ് എസ് നേതാവ് ജയകുമാറുമായി കരുക്കള്‍ നീക്കിയെന്നാണ് വിലയിരുത്തല്‍. 2025 ജൂലായില്‍ നിലവിലെ പോലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമമാണിത്. അടുത്ത ജനുവരിയില്‍ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്‌ജോഷി വിരമിക്കുമ്പോള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഏപ്രിലില്‍ ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുമ്പോള്‍ എം.ആര്‍. അജിത്കുമാറും ഡി.ജി.പി. കേഡറിലെത്തും.
ഇതോടെ ഇവര്‍ക്ക് പോലീസ് മേധാവിയാകാന്‍ കഴിയും. ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി. തസ്തികയിലെത്തിയിട്ടുമുണ്ട്. മനോജ് എബ്രഹാമിനും യോഗേഷ് ഗുപ്തയ്ക്കും അജിത്കുമാറിനെക്കാള്‍ സര്‍വീസുണ്ട്. ഇത് മനസ്സില്‍ വച്ചാണ് അജിത് കുമാറിന്റെ നീക്കം. ഇര്‍ക്ക് മുമ്പ് പോലീസ് മേധാവി ആയില്ലെങ്കില്‍ അതിനുള്ള സാധ്യത കുറയും. അതിനാല്‍ അടുത്ത ടേമില്‍ പോലീസ് മേധാവിയാകുകയാണ് ലക്ഷ്യം. വിജിലന്‍സ് കേസുണ്ടായാല്‍ ഇതിനെല്ലാം പ്രതിസന്ധിയായി മാറുകയും ചെയ്യും.