IndiaNEWS

ഹരിയാനയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന വൈസ് പ്രസിഡന്റ് േകാണ്‍ഗ്രസില്‍

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതിനു പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റും ഗുരുഗ്രാമില്‍ നിന്നുള്ള ബ്രാഹ്‌മണ സമുദായ നേതാവുമായ ജി.എല്‍ ശര്‍മ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത് കനത്ത തിരിച്ചടിയായി. ബിജെപി വിട്ട ശര്‍മ ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശര്‍മയ്ക്കൊപ്പം 250-ലധികം ഭാരവാഹികളും ബി.ജെ.പിയിലെയും മറ്റ് വിവിധ സംഘടനകളിലെയും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ഹരിയാന സര്‍ക്കാരില്‍ ക്ഷീരവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായും ശര്‍മ പ്രവര്‍ത്തിച്ചിരുന്നു.

ഒക്ടോബര്‍ 5നാണ് ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. 67 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ നിന്ന് ഒമ്പത് സിറ്റിംഗ് എംഎല്‍എമാരെ ബിജെപി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നത്. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി രഞ്ജിത്ത് സിങ് ചൗട്ടാല മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസത്തിനിടെ 20ലേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടത്.

Signature-ad

രതിയ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ലക്ഷ്മണ്‍ നാപ, മുന്‍ മന്ത്രി കരണ്‍ ദേവ് കാംബോജ് എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ മറ്റു നേതാക്കള്‍. രതിയ മണ്ഡലത്തില്‍ നിന്ന് വീണ്ടും ലക്ഷ്മണ്‍ നാപക്ക് ടിക്കറ്റ് നല്‍കാമെന്ന് ബിജെപി അറിയിച്ചെങ്കിലും കോണ്‍ഗ്രസില്‍ ചേരാനാണ് ലക്ഷ്മണിന്റെ തീരുമാനം. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകനും മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനുമായ രഞ്ജിത്ത് സിങ് ചൗട്ടാല റാനിയ മണ്ഡലത്തില്‍ നിന്നു സ്വതന്ത്രനായോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയായോ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാനി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയ രഞ്ജിത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കിയത്. ദബ്വാലി മണ്ഡലത്തില്‍ നിന്ന് ബിജെപി സീറ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് വിട്ടുവീഴ്ചക്ക് തയ്യാറായില്ല.

ഇന്ദ്രിയില്‍ നിന്നോ റദൗറില്‍ നിന്നോ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ഒബിസി മോര്‍ച്ച നേതാവ് കാംബോജ് പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി സഖ്യചര്‍ച്ചകളും തുടരുകയാണ്. ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസിലും സീറ്റ് ലഭിക്കാത്ത നേതാക്കള്‍ പ്രതിഷേധത്തിലാണ്.വ്യാഴാഴ്ചയാണ് ഹരിയാനയില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: