IndiaNEWS

വിജയ് നേതൃത്വം നൽകുന്ന ‘തമിഴ് വെട്രികഴകം’ തമിഴകം കീഴടക്കുമോ? നെഞ്ചിടിപ്പോടെ ഡി.എം.കെയും  ബിജെപിയും

     തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ‍ അംഗീകാരം. രജിസ്റ്റർ ചെയ്ത പാർട്ടി എന്ന അംഗീകരം ലഭിച്ചതോടെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മൽസരിക്കുമെന്നു വിജയ് വ്യക്തമാക്കി.

ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിയൊഴുക്കിനും ധ്രുവീകരണത്തിനും സാധ്യതയേറി. വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി എതിര്‍ക്കുന്നില്ലെങ്കിലും ഭരണകക്ഷിയായ ഡി.എം.കെ അണിയറയില്‍ എതിര്‍പ്പു ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ പ്രഥമ ടി.വി.കെ സമ്മേളനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിനെതിരെ പൊലീസിനെ ഉപയോഗിച്ചു പാരപണിയുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍.

Signature-ad

പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. അനുമതി തേടി നല്‍കിയ കത്ത് പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയാണ് പൊലീസ്. എന്നാല്‍ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാര്‍ട്ടി നേതാവ് തിരുമാളവന്‍ എംപി രംഗത്ത് വന്നത് ഡി.എം.കെയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ രണ്ട് ലോക്‌സഭ എംപിമാരുള്ള പ്രമുഖ ദളിത് പാര്‍ട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിച്ചേക്കും എന്ന സംശയവും ഡി.എം.കെയ്ക്കുണ്ട്.

എന്നാൽ വിജയ്ക്കെതിരെ ബിജെപി  സംസ്ഥാന ഘടകം പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.  വിനായക ചതുര്‍ത്ഥിക്ക് വിജയ് ആശംസ അറിയിക്കാത്തതിലാണ് ബി.ജെ.പി ആദ്യവെടി പൊട്ടിച്ചത് അവസരവാദിയായ ഹിന്ദുവാണ് വിജയ് എന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് വിനോജ് പി സെല്‍വം വിമര്‍ശിച്ചു. ഡിഎംകെയെ കോപ്പിയടിക്കാനാണ് ടിവികെയുടെ തുടക്കത്തിലേയുള്ള ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വിനോജ് പി സെല്‍വം കെ അണ്ണാമലൈയുടെ വിശ്വസ്തനാണ്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന് ജോസഫ് വിജയ് എന്ന പേരുയര്‍ത്തി വിജയിയെ ബിജെപി ആക്രമിച്ചിരുന്നു. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബിജെപി പൊതുവില്‍ ഇതുവരെ സ്വീകരിച്ചതെങ്കിലും തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുമുണ്ട്. ഒരു ചേരിയിലും നില്‍ക്കാതെ ടി.വി.കെ സ്വതന്ത്രമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ചോരുക എ.ഐ.ഡി.എം.കെയുടെയും ബി.ജെ.പിയുടെയും വോട്ടുകളായിരിക്കും.

ഡി.എം.കെ, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, എ.ഐ.ഡി.എം.കെ, ബി.ജെ.പി എന്നിവയ്ക്കു പുറമേ വിജയിയുടെ പാര്‍ട്ടിയും കളത്തിലിറങ്ങുമ്പോള്‍ അതിശക്തമായ ചതുഷ്‌ക്കോണ മത്സരമാണ് തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി ദേശീയ രാഷ്ട്രീയം പറഞ്ഞു വളരാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക്, ഇതുവരെ വിയര്‍പ്പൊഴുക്കിയതെല്ലാം വെറുതെയാകുമോ വിജയ് പാര്‍ട്ടിയുടെ പിറവിയോടെ  എന്ന ആശങ്കയാണ്.

Back to top button
error: