CrimeNEWS

ആദ്യ മൊഴിയില്‍ ബലാത്സംഗ പരാമര്‍ശമില്ല, അടിമുടി വൈരുദ്ധ്യം; മുകേഷിന്റെ ജാമ്യ ഉത്തരവിലെ വിശദാംശങ്ങള്‍

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിമുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരിയുടെ മൊഴിയുടെ വൈരുദ്ധ്യം കണക്കിലെടുത്ത്. മൊഴിയിലെ വൈരുധ്യവും മുകേഷുമായി പരാതിക്കാരി 2009 മുതല്‍ നടത്തിയ ചാറ്റിലെ വിവരങ്ങളും പരിശോധിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

2009ല്‍ അമ്മ അംഗത്വത്തിനു വേണ്ടി ഇടവേള ബാബുവിനെ സമീപിച്ചപ്പോള്‍ കലൂരിലെ അപ്പാര്‍ട്ടമെന്റില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ 2010 ഡിസംബറിലാണ് അപ്പാര്‍ട്ട്മെന്റ് വാങ്ങിയതെന്ന രേഖ ഇടവേള ബാബു കോടതിയില്‍ ഹാജരാക്കി. 2008 മുതല്‍ ബാബു ഇവിടെ കഴിയുന്നുണ്ടെന്ന, കെയര്‍ടേക്കറുടെ മൊഴി വച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്. എന്നാല്‍ ഇപ്പോഴത്തെ കെയര്‍ടേക്കര്‍ 2013ല്‍ നിയമിക്കപ്പെട്ടയാളാണെന്നും മുന്‍പുണ്ടായിരുന്നയാള്‍ മരിച്ചുപോയെന്നും കേസ് ഡയറിയിലുണ്ട്. ഇതും കോടതി കണക്കിലെടുത്തു.

Signature-ad

തന്റെ കാറിലാണ് ബാബുവിന്റെ അപ്പാര്‍ട്ട്മെന്റിലേക്കു പോയതെന്നും ഷിഹാബ് എന്നയാളാണ് വണ്ടി ഓടിച്ചിരുന്നതെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സംഭവിച്ച കാര്യങ്ങള്‍ ഷിഹാബിനോടു പറഞ്ഞിരുന്നെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഷിബാഹ് ഇക്കാര്യം നിഷേധിച്ചെന്നാണ് കേസ് ഡയറിയിലുള്ളത്. സെക്രട്ടേറിയറ്റില്‍ വച്ച് ഷൂട്ടിങ്ങിനിടെ ബാബു ലൈംഗിക താത്പര്യം പ്രകടിപ്പിച്ചെന്നു രഹസ്യമൊഴിയിലുണ്ടെങ്കിലും പൊലീസിനു നല്‍കിയ ആദ്യ മൊഴിയില്‍ ഇത് ഇല്ലാതിരുന്നതും കോടതി കണക്കിലെടുത്തു.

ഇടവേള ബാബു ലൈംഗിക താത്പര്യം പ്രകടിപ്പിച്ചിട്ടും പരാതിക്കാരി ഫല്‍റ്റിലേക്കു പോയെന്ന്, ജാമ്യ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ആദ്യ മൊഴി പ്രകാരം എതിര്‍പ്പൊന്നുമില്ലാതെ ഫല്‍റ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 2010ലാണ് ഫ്ല്‍റ്റ് വാങ്ങിയതെന്ന വസ്തുതയും കണക്കിലെടുക്കണമെന്ന് കോടതി പറഞ്ഞു.

ഓഗസ്റ്റ് 28ന് പൊലീസിനു നല്‍കിയ മൊഴിയില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വിവരമില്ലെന്ന്, മുകേഷിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞു. 30ന് പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളിലും പരാതിക്കാരി വ്യക്തതയില്ലാതെയാണ് സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുകേഷിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. നടിയുടെ പരാതി വ്യാജമാണെന്നാണ് മുകേഷിന്റെ വാദം. പരാതിയുമായി ഇപ്പോള്‍ വന്നതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുണ്ടെന്നും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമം നടത്തിയെന്നും മുകേഷ് വാദിച്ചിരുന്നു. മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: