KeralaNEWS

രണ്ടുപേര്‍ മാത്രമല്ല ഒരു മന്ത്രിയുടെ പേരുകൂടി വരാനുണ്ട്, ഗോവിന്ദനൊന്നും ഇതില്‍ കാര്യമില്ല; ആരോപണം കടുപ്പിച്ച് സതീശന്‍

തിരുവനന്തപുരം: സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന കൊട്ടാരവിപ്ലവത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപകസംഘത്തിന്റെ പ്രവര്‍ത്തനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്‍കൂടിയുണ്ട്. വൈകാതെ ആ പേര് പുറത്തുവരുമെന്നും സതീശന്‍ പറഞ്ഞു.

‘ഒരുപാട് രഹസ്യങ്ങള്‍ അറിയാവുന്നവര്‍ ആയതുകൊണ്ടാണ് അജിത്കുമാറിനെയും ശശിയേയും അവരുടെ സ്ഥാനങ്ങളില്‍നിന്ന് മാറ്റാത്തത്. പാര്‍ട്ടിക്കൊന്നും ഇതില്‍ റോളില്ല. പിണറായി വിജയന്റെ ഓഫീസിനകത്ത് ഒരു ഉപജാപക സംഘം ഉണ്ട്. അവരാണ് പോലീസിനെയും ഭരണത്തേയും നിയന്ത്രിക്കുന്നത്. മന്ത്രിസഭയിലെ ഒരു ഉന്നതന്‍കൂടി ഈ സംഘത്തിലുണ്ട്. അതുകൊണ്ടാണ് സിപിഎമ്മിലെ ഈ കൊട്ടാര വിപ്ലവം നടക്കുന്നത്. ആ പേര് സമയത്ത് പുറത്തുവരും. ഗോവിന്ദനൊന്നും ഇതില്‍ ഒരു കാര്യവുമില്ല’, സതീശന്‍ പറഞ്ഞു.

Signature-ad

മുഖ്യമന്ത്രി പറഞ്ഞിട്ടല്ല അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഒരു വിശദീകരണമെങ്കിലും തേടിയോയെന്നും സതീശന്‍ ചോദിച്ചു. ആര്‍.എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ മൂന്ന് വര്‍ഷമായി തൃശ്ശൂരില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നായിരുന്നു നേരത്തെ പറഞ്ഞത്. ഇപ്പോള്‍ അതെല്ലാം പോയി. മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി എം.ആര്‍. അജിത് കുമാര്‍ അദ്ദേഹത്തെ കാണുകയും ചെയ്തു.

സിപിഎമ്മുമായി ബന്ധമില്ലെന്നാണ് അവരുടെ നേതാക്കള്‍ പറയുന്നത്. സിപിഎമ്മിന് ഇതില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള പിണറായി വിജയനാണ് അജിത് കുമാറിനെ വിട്ടത്. കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെടുന്നതിനും കേന്ദ്രത്തെ സ്വാധീനിക്കുന്നതിനും നേരത്തെ തന്നെ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. ലോക്നാഥ് ബെഹറ ഡിജിപി ആയിരുന്നപ്പോള്‍ അദ്ദേഹത്തിനുള്ള ഡല്‍ഹിയിലുള്ള ബന്ധം പിണറായി വിജയന്‍ ഉപയോഗിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് ശ്രീ എമ്മുമായി മുഖ്യമന്ത്രി നേരിട്ടാണ് കൂടിക്കാഴ്ച നടത്തിയത്, മസ്‌ക്റ്റ് ഹോട്ടലില്‍ വെച്ച്. ഇത് നിയമസഭയില്‍ താന്‍ മുഖ്യമന്ത്രിക്ക് നേരെ വിരല്‍ചൂണ്ടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പുനര്‍ജനി കേസില്‍ ഇ.ഡി.അന്വേഷണം ഇതിനോടകം നടക്കുന്നുണ്ട്. അതിന്റെ പരാതിക്കാരന്‍തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പി.വി. അന്‍വറിന് മറുപടിയായി സതീശന്‍ പറഞ്ഞു.

‘അന്‍വര്‍ നിയമസഭയില്‍ എനിക്കെതിരെ വന്‍ അഴിമതിയെന്ന് പറഞ്ഞ് ഒരു സംഭവം ആരോപിച്ചു. 150 കോടി മീന്‍വണ്ടിയില്‍ കൊണ്ടുവന്നെന്നാണ് പറഞ്ഞിരുന്നത്. അതിനെകുറിച്ച് കൂടി ഇഡി അന്വേഷിക്കട്ടെ. അന്‍വര്‍ ഒരു പരാതി ഇഡിക്ക് കൊടുക്കട്ടെ. എനിക്ക് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തിയെന്ന് അന്‍വര്‍ പറയുന്നത് പിണറായി വിജയനെ വീണ്ടും അപമാനിക്കാന്‍ വേണ്ടിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ സ്വന്തം ആളെ എനിക്കുവേണ്ടി വിട്ടെങ്കില്‍ പിണറായിക്ക് ഇരിക്കുന്ന കസേരയില്‍ ഒരു കാര്യവുമില്ലെന്നാണ് അന്‍വര്‍ പറഞ്ഞതിന്റെ അര്‍ഥം’, പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ. സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സംസാരിക്കുന്നത് കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കിയതിലെ നന്ദിപ്രകടനമാണെന്നും സതീശന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: