മലപ്പുറം: സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനുള്ള സമാന്തര ഇടപാട് വേണ്ടെന്ന മുന്നറിയിപ്പ് കെ.ടി ജലീലിന് സിപിഎം സംസ്ഥാന സെക്രട്ടറി നല്‍കിയതിന് പിന്നാലെ പൊലീസിലെ കുറ്റകൃത്യങ്ങള്‍ പരാതിപ്പെടാന്‍ വാട്‌സ്ആപ്പ് നമ്പര്‍ (8304855901) പരസ്യമായി പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എംഎല്‍എ. എന്നാല്‍ അന്‍വറിന്റെ നടപടിയില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പരസ്യമാക്കിയതും പരാതി സ്വീകരിക്കാന്‍ വാട്‌സ് അപ് നമ്പര്‍ പുറത്തു വിട്ടതിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്.
അഴിമതി പരാതിപ്പെടാനുള്ള ജലീലിന്റെ ഓണ്‍ലൈന്‍ സംവിധാനത്തെ സിപിഎം തള്ളിപ്പറഞ്ഞതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നമ്പറടക്കം പ്രദര്‍ശിപ്പിച്ച് പിവി അന്‍വര്‍ രംഗത്ത് വന്നത്. ആഭ്യന്തര വകുപ്പിനെതിരെ മുന്‍ എല്‍ഡിഎഫ് എംഎല്‍എ കാരാട്ട് റസാഖ് അടക്കമുള്ളവര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള സഹകരണം പൊതുജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക വാട്‌സ്ആപ്പ് നമ്പര്‍ ഫേസ്ബുക്കില്‍ കുറിച്ചായിരുന്നു കെ.ടി ജലീലിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്. ഈ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നലത്തെ വാര്‍ത്ത സമ്മേളനത്തില്‍ തള്ളിക്കളഞ്ഞു.
ഇതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൊലീസിനെ കുറിച്ച് പരാതി നല്‍കാന്‍ വേണ്ടിയുള്ള വാട്‌സ്ആപ്പ് നമ്പര്‍ ഉയര്‍ത്തി പിവി അന്‍വര്‍ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പിവി അന്‍വര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുകയും പിന്നാലെ ഫേസ്ബുക്കില്‍ ഇടുകയും ചെയ്തു. അജിത് കുമാറിനും സുജിത്ത് ദാസനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ പരാതിയാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നല്‍കിയതെന്ന് പരാതിയില്‍ നിന്ന് വ്യക്തം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ത്തി മുന്‍ ഇടതുപക്ഷ എംഎല്‍എ കാരാട്ട് റസാക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പൊലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുത്തലുകള്‍ ഉണ്ടാകണമെന്ന സന്ദേശം പാര്‍ട്ടിക്ക് മുന്നിലേക്ക് ഇടതുപക്ഷ സ്വാതന്ത്ര്യരായി ജയിച്ചവര്‍ മുന്നോട്ടുവയ്ക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ക്ക് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള അവരുടെ പിന്തുണയുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ മൊഴി ഇന്നെടുക്കും.തൃശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്പുറത്തെത്തി മൊഴിയെടുക്കുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ എഡിജിപിക്കും എസ്പിക്കുമെതിരായ ആരോപണങ്ങളില്‍ തെളിവ് കൈമാറുമെന്നാണ് വിവരം.