IndiaNEWS

തെരുവില്‍ സമരം ഇരുന്നപ്പോള്‍ പിന്തുണ തന്ന പാര്‍ട്ടി; വിനേഷും പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേര, ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കോണ്‍ഗ്രസ്സില്‍ അംഗത്വം എടുത്തത്തില്‍ അഭിമാനം ഉണ്ടെന്നും ഞങ്ങള്‍ തെരുവില്‍ സമരം ഇരുന്നപ്പോള്‍ പിന്തുണ തന്ന പാര്‍ട്ടിയാണിതെന്നും മോശം സമയത്ത് മാത്രമേ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകു എന്ന് മനസിലാകൂവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

Signature-ad

”പാരീസ് ഒളിമ്പിക്‌സില്‍ പരമാവധി താന്‍ പരിശ്രമിച്ചിരുന്നു പക്ഷേ ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല ദൈവം രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ തന്നെ നിയോഗിക്കുന്നു, പോരാട്ടം അവസാനിച്ചിട്ടില്ല., മുന്നോട്ട് പോകും. കേസ് കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് തെരഞ്ഞെ ടുപ്പ് സമതിയാണ് തീരുമാനിക്കുന്നത്. ഒളിംപിക്‌സ് വേദിയില്‍ എന്താണ് സംഭവിച്ചത് എന്ന് താന്‍ പിന്നീട് സംസാരിക്കും വിനേഷ് ഫോഗട്ട് കൂട്ടിച്ചേര്‍ത്തു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തില്‍ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

സെപ്റ്റംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേര്‍ന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.ഇരുവരും റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ എക്‌സ് പോസ്റ്റിലൂടെയാണ് വിനേഷ് റെയില്‍വെ ജോലി രാജിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: