തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ, മറ്റാരെങ്കിലും വരുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരിഫിന്റെ മുന്‍ഗാമിയായ ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ പദവിയില്‍ അഞ്ചു വര്‍ഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു.
ഗവര്‍ണര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കാനോ, പുതിയ ഗവര്‍ണറെ നിയമിക്കാനോ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാം. പുതിയ ഗവര്‍ണറെ നിയമിക്കുന്നതുവരെ നിലവിലെ ഗവര്‍ണര്‍ക്ക് തല്‍സ്ഥാനത്ത് തുടരാനാകും. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, കേരള ഗവര്‍ണര്‍ സ്ഥാനത്ത് ആറുമാസം തികയും മുമ്പേ ഷീല ദീക്ഷിത്തിനെ മാറ്റിയിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞും ഇണങ്ങിയും ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രണ്ടു പിണറായി സര്‍ക്കാരുകളുടെ കാലത്തായി, പലപ്പോഴും മുഖ്യമന്ത്രി- ഗവര്‍ണര്‍ പിണക്കങ്ങള്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകളുടെ വക്കത്തേക്ക് പോയിരുന്നു. ഇരുവരും പരസ്പരം മിണ്ടാത്ത സ്ഥിതിയുമുണ്ടായിരുന്നു.