CrimeNEWS

ആരാധകനെ കൊന്നത് അതിക്രൂരമായി; ജനനേന്ദ്രിയം തകര്‍ത്തു, തെളിവായി നടിയുടെ ചെരിപ്പ്; കൊലക്കേസില്‍ കുറ്റപത്രം

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന്‍, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ആണ് ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ ദൃക്സാക്ഷികളാണ്. ഇതിനുപുറമേ നിര്‍ണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി.

കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Signature-ad

ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ജൂണ്‍ ഒന്‍പതാം തീയതി പുലര്‍ച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേര്‍ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടന്‍ ദര്‍ശനും നടി പവിത്രയ്ക്കും കൃത്യത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിക്രൂരമായാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ത്തതായും പോലീസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: