ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുടെ വീട്ടില്‍. എ.എ.പി. എം.എല്‍.എയും ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ അമാനത്തുള്ള ഖാന്റെ വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. അദ്ദേഹം തന്നെയാണ് ഇ.ഡി. പരിശോധന സ്ഥിരീകരിച്ചത്. തന്റെ വീട്ടില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ എത്തിയെന്നും അറസ്റ്റുചെയ്യാനാണ് വന്നതന്നെും അദ്ദേഹം എക്സില്‍ കുറിച്ചു. അമാനത്തുള്ള ഖാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനധികൃത നിയമനവും സാമ്പത്തിക തിരിമറിയും നടത്തിയെന്ന ആരോപണം നേരിടുന്നുണ്ട്.
ഇ.ഡി. സംഘം വീട്ടില്‍ പരിശോധന നടത്തി. വീട്ടില്‍നിന്ന് കണ്ടെടുത്ത രേഖകളും മറ്റും സംഘം പരിശോധിച്ചു. സുരക്ഷയ്ക്കായി ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും അമാനത്തുള്ള ഖാന്റെ വീട്ടിന് പുറത്ത് വിന്യസിച്ചിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയടക്കം ഇവരുടെ നിയന്ത്രണത്തിലാണ്.
ഏകാധിപതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കളിപ്പാവയായ ഇ.ഡി. ഇന്ന് രാവിലെ വീട്ടിലെത്തി. തന്നേയും എ.എ.പി. നേതാക്കളേയും ദ്രോഹിക്കാനുള്ള ഒരു അവസരവും ഏകാധിപതി ഒഴിവാക്കുന്നില്ല. സത്യസന്ധമായി ജനങ്ങളെ സേവിക്കുന്നത് ഒരു തെറ്റാണോ? എത്രകാലം ഈ ഏകാധിപത്യം തുടരുമെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ അമാനത്തുള്ള ഖാന്‍ ചോദിച്ചു.
അമാനത്തുള്ള ഖാന് പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി, ഇ.ഡി. റെയ്ഡിനെ അപലപിച്ചു. എം.എല്‍.എ. അറസ്റ്റുചെയ്യപ്പെട്ടേക്കുമെന്നും പാര്‍ട്ടി ആരോപിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന് അമാനത്തുള്ള ഖാന്‍ ഇരയാക്കപ്പെടുകയാണെന്ന് എ.എ.പി. എം.പി. സഞ്ജയ് സിങ് ആരോപിച്ചു.
നേരത്തെ, ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അമാനത്തുള്ള ഖാനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. കേസില്‍ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് 2022 സെപ്റ്റംബറില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ സി.ബി.ഐ. കേസെടുത്തു. ഇതില്‍ സ്വമേധയാ കേസ് എടുത്താണ് ഇ.ഡി. അന്വേഷണം നടത്തുന്നത്.