KeralaNEWS

ആരോപണച്ചുഴിയില്‍പ്പെട്ട് അജിത്കുമാര്‍; വെട്ടിലായി ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്. എം.ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് എ.ഡി.ജി.പി. നിലവിലുള്ളത്. എന്നാല്‍, ഇവിടെ വെച്ച് പ്രതികരിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്നവിവരം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചേക്കുമെന്നും വിവരമുണ്ട്. അന്‍വര്‍ എം.എല്‍.എയുടെ പ്രതിഷേധവും മുന്‍ മലപ്പുറം എസ്.പിയുടെ ആദ്യ ഓഡിയോയും പുറത്തുവന്നതിന് ശേഷം എ.ഡി.ജി.പി. മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി.യെ അങ്ങേയറ്റം പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി എം.എല്‍.എ. രംഗത്തെത്തുന്നത്.

Signature-ad

എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. എനിക്ക് തോന്നിയത് അതാണ്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കൂ. അജിത് കുമാര്‍ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബര്‍ സെല്ലില്‍. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്താനാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

എം.ആര്‍. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണെന്നാണ് അന്‍വര്‍ പറഞ്ഞത്. വിശ്വസ്തര്‍ കിണറുകുഴിച്ച് വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏല്‍പിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടുവെന്നും എം.എല്‍.എ ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: