CrimeNEWS

മഹാരാഷ്ട്രയില്‍ മലയാളിയുടെ കൊലപാതകം ഓണത്തിന് നാട്ടിലേക്ക് ടിക്കറ്റെടുത്തിരിക്കെ

കൊല്ലം: കൊട്ടാരക്കര വെട്ടിക്കവല ഗിരദീപത്തില്‍ (ഉമ്മന്നൂര്‍ ചെപ്ര കാവുങ്കല്‍ പുത്തന്‍വീട്) ഗിരീഷ് പിള്ള (48) മഹാരാഷ്ട്രയില്‍ കൊലചെയ്യപ്പെട്ടെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ഓണത്തിനു നാട്ടിലെത്താനായി 12-ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗിരീഷ് പിള്ള കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്നത്.

കോലാപുര്‍ ഹുപ്രിയില്‍ മുപ്പതുവര്‍ഷമായി ടയറുകട നടത്തുകയായരുന്നു ഗിരീഷ് പിള്ള. ഒരുവര്‍ഷംമുന്‍പാണ് ഭാര്യ ദീപയെയും മകന്‍ പ്രണവിനെയും നാട്ടിലേക്കയച്ചത്. മഹാരാഷ്ട്രയിലെ ജോലി മതിയാക്കി നാട്ടില്‍ ടയറുകട തുടങ്ങുന്നതിനുള്ള തീരുമാനത്തിലായിരുന്നു കുടുംബം. ദിവസവും രാത്രിയില്‍ ഭക്ഷണത്തിനുമുന്‍പ് വീട്ടിലേക്ക് വിളിക്കാറുള്ള ഗിരീഷ് വ്യാഴാഴ്ച വിളിച്ചിരുന്നില്ല. ദീപ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തതുമില്ല.

Signature-ad

തുടര്‍ന്ന് അവിടെയുള്ള പരിചയക്കാരെ വിവരമറിയിക്കുകയും അവര്‍ പോയി നോക്കിയപ്പോള്‍ വെട്ടേറ്റനിലയില്‍ ഗിരീഷ് പിള്ളയെ കാണുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കടയടച്ച് താമസസ്ഥലത്തേക്ക് പോയ ഗിരീഷ് പിള്ളയെ ടയറില്‍ കാറ്റുനിറയ്ക്കാനായി ഒരുസംഘം വിളിച്ചുകൊണ്ടു പോയെന്നും കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് ലഭിച്ച വിവരം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് വെട്ടിക്കവലയിലെ വീട്ടുവളപ്പില്‍ പന്ത്രണ്ടോടെ സംസ്‌കരിക്കും. അച്ഛന്‍: പരേതനായ വിശ്വനാഥന്‍ പിള്ള. അമ്മ: സരസ്വതി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: