തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയും പത്തനംതിട്ട എസ്.പി സുജിത് ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകും. സംഭാഷണം സുജിത് ദാസിന്റേതെതെന്ന് കണ്ടെത്തിയാല്‍ നടപടിക്ക് ആലോചന. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. തന്നെ കാണാന്‍ ഓഫീസിലെത്തിയിട്ടും സുജിത് ദാസിന് അജിത് കുമാര്‍ അനുമതി നല്‍കിയില്ല. അന്‍വറിന്റെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുണ്ട്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം മുന്‍ ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസും പി.വി അന്‍വര്‍ എം.എല്‍.എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായത്. നിലവില്‍ എസ്പി ഓഫീസില്‍ നല്‍കിയ മരം മുറി പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിലുള്ളത്. പരാതി തനിക്ക് എതിരായി വരുമെന്നും അതിനാല്‍ പരാതി പിന്‍വലിക്കണമെന്നും അദ്ദേഹം എം.എല്‍.എയോട് ആവശ്യപ്പെടുന്നുണ്ട്. താനൂര്‍ കസ്റ്റഡിമരണത്തില്‍ താന്‍ ഒരുപാട് മാനസിക പ്രശ്‌നം അനുഭവിച്ചതായും സുജിത്ത് ദാസ് പറയുന്നതായി സംഭാഷണത്തില്‍ കേള്‍ക്കാം. നിലവിലെ എസ്.പി തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എസ്.പിയെ വിമര്‍ശിച്ചത് തനിക്ക് സന്തോഷമായ കാര്യമാണെന്നും സുജിത്ത് ദാസ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ എം.എല്‍.എക്ക് ഒപ്പമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പോലീസില്‍ സര്‍വശക്തനാണ്. ഒരുകാലത്ത് പോലീസില്‍ സര്‍വശക്തനായിരുന്ന ഐജി: പി വിജയനെ തകര്‍ത്തതും അജിത് കുമാറാണ്. എഡിജിപിയുട ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും ഫോണ്‍ സംഭാഷണത്തില്‍ സുജിത് ദാസ് പറയുന്നു.
കഴിഞ്ഞ ദിവസം എസ്പിയുടെ വസതിയിലെത്തിയ അന്‍വറിനെ പോലീസ് തടഞ്ഞത് വാര്‍ത്തയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയതായി ബന്ധപ്പെട്ട പരാതിയില്‍ നടപടി വേണമെന്ന ആവശ്യവുമായാണ് അന്‍വര്‍ എം.എല്‍.എ എത്തിയത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എന്‍. ശ്രീജിത്ത് നല്‍കിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്നാവശ്യമാണ് സുജിത് ദാസ് ഫോണ്‍ സംഭാഷണത്തിലൂടെ അന്‍വര്‍ എം.എല്‍.എയോട് ആവശ്യപ്പെടുന്നത്. 2021ല്‍ തേക്ക്, മഹാഗണി മരങ്ങള്‍ മുറിച്ചു കടത്തി എന്നാണ് പരാതി.