‘സീബ്രാ ലൈന്‍’ ഉള്ള സ്ഥലത്ത് ഓവര്‍ടേക്ക് ചെയ്യാമോ? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: മോട്ടോര്‍ വാഹന ഡ്രൈവിങ് റെഗുലേഷന്‍ 2017 അനുസരിച്ച് യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിങ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്. പെഡസ്ട്രിയന്‍ ക്രോസിങ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’ സൈനോ ഉണ്ടെങ്കില്‍ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രികന് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതടക്കം സീബ്രാ ക്രോസിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിങ്ങുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.
കുറിപ്പ്:
സീബ്രാ ക്രോസിംഗ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിംഗുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ :-
മോട്ടോര്‍ വാഹന ഡ്രൈവിംഗ് റെഗുലേഷന്‍ 2017 –
റെഗുലേഷന്‍ 5 (e) : യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്.
റെഗുലേഷന്‍ 7 (3) : പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’ സൈനോ ഉണ്ടെങ്കില്‍ ടി സ്ഥലത്തും . റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രികന് തന്നെയാണ് മുന്‍ഗണന.
റെഗുലേഷന്‍ 39 (1) : പെഡസ്ട്രിയന്‍ ക്രോസിംഗില്‍ എത്തുമ്പോള്‍, ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറക്കുകയും നിര്‍ത്തുകയും കാല്‍നടയാത്രികരെ റോഡ് മുറിച്ച് കടക്കാന്‍ അനുവദിക്കുകയും വേണം.
റെഗുലേഷന്‍ 39 (2) : റോഡില്‍ വാഹന ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങള്‍ സുഗമമായി നീങ്ങാതെ നില്‍ക്കുന്ന സമയത്ത് ഡ്രൈവര്‍ ഒരിക്കലും പെഡസ്ട്രിയന്‍ കോസിംഗിലേക്ക് വാഹനം ഓടിച്ച് കയറ്റി നിര്‍ത്തി കാല്‍നട യാത്രികര്‍ക്ക് പെഡസ്ട്രിയന്‍ ക്രോസിംഗ് ഉപയോഗിക്കുന്നതിന് തടസ്സം നില്‍ക്കരുത്.
കേരള മോട്ടോര്‍ വാഹന ചട്ടം 365 (1) : പെഡസ്ട്രിയന്‍ ക്രോസിംഗിന് മുമ്പായി വരച്ചിരിക്കുന്ന റോഡിലെ സ്റ്റോപ്പ് ലൈനില്‍ വാഹനം നിര്‍ത്തുമ്പോള്‍ യാതൊരു കാരണവശാലും വാഹനത്തിന്റെ മുമ്പില്‍ തള്ളി നില്‍ക്കുന്ന യാതൊരു വാഹന ഭാഗവും പെഡസ്ട്രിയന്‍ ക്രോസിംഗില്‍ എത്താന്‍ പാടില്ല.