പ്രശസ്ത ഗായിക മറിയ കെയ്റിയുടെ അമ്മ പട്രീഷ്യയും സഹോദരി അലിസണും ഒരേ ദിവസം മരിച്ചതായി റിപ്പോര്‍ട്ട്. വിവരം മറിയ കെയ്റി മാധ്യമസ്ഥാപനമായ പീപ്പിളിന് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
‘കഴിഞ്ഞ വാരാന്ത്യത്തില്‍ സംഭവിച്ച അമ്മയുടെ മരണത്തില്‍ എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ദുഃഖകരമായ മറ്റൊന്ന് കൂടി സംഭവിച്ചു. അതേ ദിവസം തന്നെ എന്റെ സഹോദരിയും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. അമ്മ എന്നെ വിട്ടുപോകുന്നതിനുമുമ്പ് അമ്മയോടൊപ്പം കഴിഞ്ഞയാഴ്ച ചെലവിടാനുള്ള ഭാഗ്യം എനിക്കുണ്ടായി’, മാധ്യമപ്രസ്താവനയില്‍ മറിയ കെയ്റി പറഞ്ഞു. വിഷമകരമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആരോധകരോടും ഗായിക ആവശ്യപ്പെട്ടു.
അഞ്ച് തവണ ഗ്രാമി അവാര്‍ഡ് നേടിയ സംഗീതജ്ഞയാണ് മറിയ കെയ്റി. മറിയ കെയ്റിയുടെ അമ്മ പട്രീഷ്യ ഒരു ട്രെയിന്‍ഡ് ഓപെറ സിങ്ങറും വോക്കല്‍ കോച്ചുമായിരുന്നു. ആല്‍ഫ്രഡ് റോയ് കെയ്റിയാണ് പട്രീഷ്യയുടെ ഭര്‍ത്താവ്. മറിയയെ കൂടാതെ അലിസണ്‍, മോര്‍ഗന്‍ എന്നിവരാണ് മക്കള്‍.
2020ല്‍ പ്രസിദ്ധീകരിച്ച ‘ദ മീനിങ് ഓഫ് മറിയ കെയ്റി’ എന്ന ഓര്‍മ്മപുസ്തകത്തില്‍ അമ്മയുമായുള്ള സങ്കീര്‍ണമായ ബന്ധത്തെക്കുറിച്ച് മറിയ സൂചിപ്പിച്ചിട്ടുണ്ട്. അമ്മയുമായുള്ള ബന്ധം തനിക്കേറെ വേദന നല്‍കുന്നതും കുഴപ്പിക്കുന്നതുമായിരുന്നുവെന്നാണ് മറിയ കുറിച്ചത്.
ഓള്‍വേയ്സ് ബീ മൈ ബേബി, ഓള്‍ ഐ വോണ്ട് ഫോള്‍ ക്രിസ്മസ്, മെയ്ക്ക് ഇറ്റ് ഹാപ്പന്‍, വീ ബിലോങ് ടുഗെദര്‍, ഐ വില്‍ ബീ ദേര്‍ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മറിയ കെയ്റിയുടേതായുണ്ട്.