KeralaNEWS

അമ്മ അടിച്ചു, വഴക്കു പറഞ്ഞു: വീട്ടിലേക്കില്ലെന്ന് 13കാരിയായ അസം ബാലിക: കേരളത്തിൽ തന്നെ നിൽക്കണം, പഠിക്കണം എന്ന് തീരുമാനം 

   അമ്മ അടിച്ചതും വഴക്കുപറഞ്ഞതും ഉണങ്ങാത്ത മുറിവായി കിടക്കുകയാണ് 13കാരി തസ്മിദ് തംസുമിൻ്റെ മനസ്സിൽ.  അതുകൊണ്ടു തന്നെ വീട്ടിലേക്കു പോകുന്നില്ല എന്നവൾ ഉറച്ച തീരുമാനമെടുത്തു. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സിറ്റിങ്ങിൽ ഹാജരാക്കിയപ്പോഴാണ് അവൾ അച്ഛനെയും അമ്മയെയും 2 സഹോദരിമാരെയും കണ്ടത്.

ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ രണ്ടു ദിവസത്തിനു ശേഷം വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി തലസ്ഥാനത്ത് എത്തിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ ഷാനിബാ ബീഗം ഏറ്റെടുത്ത കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ് ഇപ്പോൾ. രക്ഷിതാക്കൾക്കൊപ്പം പോകാൻ താൽപര്യം ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആദ്യ ഉത്തരം. ആവർത്തിച്ചു ചോദിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്നു. ഇതിനു ശേഷമാണ് രക്ഷിതാക്കളെയും സഹോദരങ്ങളെയും കുട്ടി കണ്ടത്.

Signature-ad

ബാലികാ സദനത്തിൽ 10 ദിവസം  പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകും. രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും. തുടർന്ന് കുട്ടിയുടെ മനസ്സു മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. നിലപാടു തുടരുകയാണെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ജില്ല ചെയർപഴ്സൻ ഷാനിബാ ബീഗം പറഞ്ഞു.

‘ഇളയകുട്ടികളുമായി വഴക്കുണ്ടാവുമ്പോഴെല്ലാം അമ്മ അടിക്കും. അതിൽ വിഷമം ഉണ്ടായിരുന്നു. അസമിലേക്കു പോകണമെന്നായിരുന്നു തോന്നൽ. ആരോടും വഴി ചോദിച്ചില്ല. സ്ഥലമൊന്നും അറിയില്ലെങ്കിലും ഒട്ടും പേടി ഇല്ലായിരുന്നു. അമ്മയുടെ ബാഗിൽ നിന്നു 150 രൂപ എടുത്തു. കഴക്കൂട്ടത്തു നിന്ന് ബസിൽ കയറി. റെയിൽവെ സ്റ്റേഷനിൽ ആദ്യം കണ്ട ട്രെയിനിൽ കയറി.

ട്രെയിനിലെ ഒരു സ്ത്രീ ബിരിയാണി വാങ്ങിത്തന്നു. ആരും ഒന്നും ചോദിച്ചില്ല. സംസാരിച്ചതുമില്ല. ശുചിമുറിയിൽ പോകുമ്പോൾ രണ്ട് ആൺകുട്ടികൾ മൊബൈലിൽ ഫോട്ടോ എടുത്തു. എടുക്കരുതെന്ന് പറഞ്ഞപ്പോൾ അവർ പിന്തിരിഞ്ഞു.

കന്യാകുമാരിയിൽ വച്ച് ട്രെയിൻ മാറിക്കയറി. അറിയാതെ ഉറങ്ങിപ്പോയി. വിശാഖപട്ടണത്ത് എത്തിയപ്പോഴാണ് ഉണർന്നത്. കേരളത്തിൽ തന്നെ നിൽക്കണം, പഠിക്കണം. പക്ഷേ, രക്ഷിതാക്കൾക്കൊപ്പം പോകാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.’
ഇതായിരുന്നു കുട്ടിയുടെ നിലപാട്.

മകൾ വീട്ടിലേക്കു വരാത്തതിൽ അച്ഛനു വിഷമമുണ്ട്. സിഡബ്ല്യുസിയുടെ സംരക്ഷണയിൽ കഴിയുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ല. 3 കുട്ടികളെയും അവിടെ  നിർത്താമെന്നാണ് അമ്മയുടെ അഭിപ്രായം.

കുട്ടി വീടുവിട്ട് ഇറങ്ങിയത് 20-ാം തീയതിയാണ്. 3 സംസ്ഥാനങ്ങളിലൂടെ 37 മണിക്കൂർ കൊണ്ട് 1,650 കിലോമീറ്റർ സഞ്ചരിച്ച കുട്ടിയെ വിശാഖപട്ടണത്ത് ട്രെയിനിൽ ബുധനാഴ്ച രാത്രി 10നു കണ്ടെത്തിയത് മലയാളി സമാജം പ്രവർത്തകരാണ്.

Back to top button
error: