KeralaNEWS

ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം തകൃതി; ലാലേട്ടനൊഴിഞ്ഞാല്‍ കൂടുതല്‍ സങ്കീര്‍ണ്ണത, അമ്മയില്‍ അവ്യക്തത

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തിരഞ്ഞെടുക്കും. അതിനിടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുമോ എന്ന ആശങ്കയും അംഗങ്ങള്‍ക്കിടയിലുണ്ട്. നാളെ അമ്മയുടെ എക്സിക്യുട്ടീവ് യോഗം കൊച്ചിയില്‍ ചേരും. ഇതോടെ കാര്യങ്ങളില്‍ വ്യക്തത വരും. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റായ ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം സജീവമാണ്. എന്നാല്‍ ജഗദീഷ് ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കുന്നില്ല. കുക്കുപരമേശ്വരനേയും ഉണ്ണി ശിവപാലിനേയും തോല്‍പ്പിച്ചാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തത്. പുതിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ മത്സരം കനക്കും. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ നിലപാടും നിര്‍ണ്ണായകമാണ്. പൊതു സമൂഹത്തിന് താല്‍പ്പര്യമുള്ള വ്യക്തിയെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ലാലും തയ്യാറാകുമെന്നാണ് പൊതു വിലയിരുത്തല്‍.

വിവാദങ്ങളെ തുടര്‍ന്നുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജിക്ക് പിന്നാലെ സിനിമാരംഗത്ത് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി അമ്മ സംഘടനയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും. ജോയിന്‍ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല. സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം. സി്ദ്ദിഖ് അമ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ല.

Signature-ad

ഹേമാ കമ്മറ്റി ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗം വരുമോ എന്നാണ് ആകാംഷ. അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവില്‍ നിന്ന് ഒരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം. സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോണ്‍, ടിനി ടോം, വിനു മോഹന്‍, ജോമോള്‍, അനന്യ, അന്‍സിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്. സംഘടനയില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറല്‍ സെക്രട്ടറിയുടേത്. മുതിര്‍ന്ന അംഗമായ സിദ്ദിഖ് മാറുമ്പോള്‍ മറ്റൊരു മുതിര്‍ന്ന അംഗം വരേണ്ടെ എന്നാണ് ചോദ്യവും സംഘടനയ്ക്കുള്ളില്‍ ഉയരുന്നുണ്ട്. ഇവിടെയാണ് വൈസ് പ്രസിഡന്റ് ജഗദീഷിന്റെ പേര് ഉയര്ന്നു വരുന്നത്. അങ്ങനെയെങ്കില്‍ മറ്റൊരാള്‍ വൈസ് പ്രസിഡന്റാകും.

വനിതാ ജനറല്‍ സെക്രട്ടറിയെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി കൊണ്ടുവരാനുള്ള സാധ്യതകളും ഒരു വിഭാഗം പരിശോധിക്കുന്നുണ്ട്. വനിതാ അംഗം സെക്രട്ടറിയായി വന്നാല്‍ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചര്‍ച്ചകള്‍ നടത്താന്‍ സഹായകമാകുമെന്ന വാദവും സജീവമാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്നും പുറത്തു പോയവരെ മടക്കി കൊണ്ടു വരാനും ശ്രമിക്കും. വാശിയേറിയ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിദ്ദിഖിനു രണ്ടു മാസം പോലും തികയും മുന്‍പാണു സ്ഥാനം ഒഴിയേണ്ടിവന്നത്. ശനിയാഴ്ച തന്നെ കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായി രാജിക്കാര്യത്തില്‍ സിദ്ദിഖ് അഭിപ്രായം തേടിയിരുന്നു.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ സംഘടനയുടെ പ്രതികരണം ഏതു രീതിയിലാകണമെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പുതിയ തലം നല്‍കുന്നതാണ് സിദ്ദിഖിന്റെ രാജി. സിദ്ദിഖിനെതിരെ കേസ് വരുമോ എന്ന ആശങ്കയും സിനിമാ ലോകത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: