IndiaNEWS

‘പല്ല് കൊഴിഞ്ഞിട്ടും അഭിനയിക്കുന്നു, യുവതാരങ്ങള്‍ക്ക് അവസരമില്ല’; രജനീകാന്തിനെ പരിഹസിച്ച് ഡിഎംകെ മന്ത്രി

ചെന്നൈ: ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ പരിഹസിച്ചുകൊണ്ടുള്ള സൂപ്പര്‍താരം രജനീകാന്തിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ‘പഴയ കാവല്‍ക്കാര്‍’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതോടെ ഡിഎംകെയും താരത്തിനെതിരെ രംഗത്തെത്തിയതോടെ ചൂടേറിയ വാഗ്വാദത്തിന് വഴിവയ്ക്കുകയും ചെയ്തു.

ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു രജനിയുടെ പരാമര്‍ശം. ‘ഒരു സ്‌കൂള്‍ അധ്യാപകനെ (സ്റ്റാലിന്‍) സംബന്ധിച്ചിടത്തോളം, പുതിയ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രശ്‌നമല്ല. എന്നാല്‍ പഴയ വിദ്യാര്‍ത്ഥികളെ (മുതിര്‍ന്ന നേതാക്കള്‍) കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഇവിടെ (ഡിഎംകെയില്‍), ധാരാളം പഴയ വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ സാധാരണ വിദ്യാര്‍ത്ഥികളല്ല.അവരെല്ലാം റാങ്ക് ഹോള്‍ഡര്‍മാരാണ്. അവരെ എങ്ങനെ കൈകാര്യം ചെയ്യും? പ്രത്യേകിച്ച് ദുരൈ മുരുകനെപ്പോലുള്ളവര്‍. സ്റ്റാലിന്‍ സാര്‍, സല്യൂട്ട്”എന്നായിരുന്നു രജനി പറഞ്ഞത്.

Signature-ad

എന്നാല്‍ രജനിയുടെ പരാമര്‍ശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകന് അത്ര പിടിച്ചില്ല. താരത്തിനെതിരെ മുരുകന്‍ ആഞ്ഞടിച്ചു. സിനിമാ മേഖലയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ദുരൈ മുരുകന്റെ പരിഹാസം. ”പല്ല് കൊഴിഞ്ഞിട്ടും ചിലര്‍ താടി വളര്‍ത്തിക്കൊണ്ട് ഇപ്പോഴും ചില അഭിനേതാക്കള്‍ പഴയ വേഷങ്ങളില്‍ മുറുകെപ്പിടിക്കുന്നു. ഇതുകാരണം യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല” മന്ത്രി പറഞ്ഞു. രജനിയുടെ പേര് പരാമര്‍ശിക്കാതെ പരോക്ഷമായിട്ടായിരുന്നു പ്രതികരണം. എന്നാല്‍ ദുരൈ മുരുകന്റെ പരാമര്‍ശം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. രജനിയെയാണ് മന്ത്രി ലക്ഷ്യമിട്ടതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ, തന്റെ പിതാവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന സ്റ്റാലിനെ രജനികാന്ത് പ്രശംസിച്ചു. “എന്റെ പ്രിയ സുഹൃത്ത് സ്റ്റാലിന്‍, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം, അവര്‍ (ഡിഎംകെ) നേരിട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായ വിജയങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ നേതൃത്വത്തെയും കഠിനാധ്വാനത്തെയും രാഷ്ട്രീയ അറിവിനെയും പ്രതിഫലിപ്പിക്കുന്നു. ഏതെങ്കിലും ഒരു പാര്‍ട്ടി നേതാവോ പാര്‍ട്ടിയുടെ കുലപതിയോ മരിച്ചാല്‍ അനുയായികള്‍ ആ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്നത് നമ്മള്‍ കണ്ടതാണ്. പലരും പരാജയപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടിരിക്കണം. എന്നാല്‍ ഇവിടെ സ്റ്റാലിന്‍ എല്ലാം വളരെ എളുപ്പത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്” രജനീകാന്ത് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: