KeralaNEWS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്; നിര്‍ദേശം ലംഘിച്ച് വെട്ടിമാറ്റിയത് 129 പാരഗ്രാഫുകള്‍

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്.

21 പാരഗ്രാഫുകള്‍ നീക്കാനാണ് വിവരാവകാശ കമ്മീഷന്‍ നീക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ 129 പാരഗ്രാഫുകള്‍ വെട്ടിമാറ്റിയ ശേഷമാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Signature-ad

നാലര വര്‍ഷം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട്, സ്വകാര്യത വെളിവാക്കുന്ന വിവരങ്ങള്‍ മാറ്റിവച്ച ശേഷം നല്‍കാമെന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഒടുവില്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായത്. ഇതില്‍ ചില ഭാഗങ്ങള്‍ വെട്ടിമാറ്റുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു.

എന്നാല്‍, അപേക്ഷകരോട് പറയാത്ത മറ്റു ചില ഭാഗങ്ങള്‍ക്കൂടി മാറ്റുകയായിരുന്നു. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. ഇങ്ങനെ നീക്കിയത് 129 പാരഗ്രാഫുകള്‍. ഇതില്‍ സുപ്രധാനമായ 96ാം പാരഗ്രാഫും വെട്ടിമാറ്റി. മുന്നില്‍വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍, ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്. അത് കമ്മീഷന് ബോധ്യമുണ്ട്. അവരുടെ പേരുകളും കമ്മീഷന്‍ മുമ്പാകെ പറയപ്പെട്ടു- എന്നാണ് ഈ പാരഗ്രാഫില്‍ പറയുന്നത്.

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ അബ്ദുല്‍ ഹക്കീം ഈ റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ചില ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് നിര്‍ദേശിച്ചത്. അനുബന്ധവും നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് 129 പാരഗ്രാഫുകള്‍ സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. ഇതെന്തിനായിരുന്നു എന്ന ചോദ്യവും നടപടിയില്‍ വിമര്‍ശനവും ഉയര്‍ത്തി നിയമവിദഗ്ധരടക്കം രംഗത്തെത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: