കൊച്ചി: ജെസ്‌ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നു വെളിപ്പെടുത്തിയ മുന്‍ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ സിബിഐ തീരുമാനം. ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും. മുന്‍ ജീവനക്കാരിയുടെ മൊഴി സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി. ലോഡ്ജ് ഉടമയുടെ മൊഴി ചൊവ്വാഴ്ച എടുത്തിരുന്നു. മുന്‍ ജീവനക്കാരിയും ലോഡ്ജ് ഉടമയും പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വെളിപ്പെടുത്തലുകള്‍ മുന്‍പും ഉണ്ടായിട്ടുള്ളതിനാല്‍ ഏതു ചെറിയ വിവരവും സത്യമാണോ എന്നു കണ്ടെത്താനാണു ശ്രമമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
താന്‍ കണ്ടത് സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ലോഡ്ജ് ഉടമ തന്നെപ്പറ്റി അപവാദ പ്രചാരണം നടത്തിയതോടെയാണു ജെസ്‌നയെപ്പോലെ ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം വീണ്ടും പറഞ്ഞതെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞു. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് ആണു കാണാതായത്.
പറഞ്ഞത് നുണയോ? അറിയാന്‍ 3 വഴികള്‍
പറയുന്നതു സത്യമോ കള്ളമോ എന്നറിയാന്‍ ശാസ്ത്രീയ സംവിധാനങ്ങളെ ആശ്രയിക്കുന്നതാണു നുണപരിശോധന. വ്യക്തിയുടെ പൂര്‍ണസമ്മതം ഉറപ്പിച്ചിട്ടേ നുണപരിശോധന നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവകാശമുള്ളൂ. പ്രധാനമായും മൂന്നു പരിശോധനകളാണ് അതിലുള്ളത്.
1. പോളിഗ്രാഫ് ടെസ്റ്റ്: ചോദ്യം ചെയ്യലിനിടയില്‍ ഉത്തരം പറയുന്നയാളുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ശ്വസനത്തിന്റെ തോത് തുടങ്ങിയവ സെന്‍സറുകള്‍ ഉപയോഗിച്ച് അളക്കും. പറയുന്നതു കള്ളമാണെങ്കില്‍ ഹൃദയമിടിപ്പിലും മറ്റും വരുന്ന വ്യതിയാനത്തിലൂടെ സത്യമല്ലെന്ന നിഗമനത്തിലെത്തും.
2. നാര്‍കോ അനാലിസിസ്: ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ശരീരത്തിലേക്ക് ഒരു മെഡിക്കല്‍ വിദഗ്ധന്‍ സോഡിയം പെന്റോഥാല്‍ അല്ലെങ്കില്‍ സോഡിയം അമിഥാല്‍ എന്ന രാസവസ്തു കടത്തിവിടും. ഇതോടെ ആള്‍ക്കു ചിന്തിച്ചു കള്ളം പറയാനും മാറ്റിപ്പറയാനുമുള്ള ശേഷി കുറയും.
3. ബ്രെയിന്‍ മാപ്പിങ്: മുഖത്തും കഴുത്തിലും സ്ഥാപിക്കുന്ന ഇലക്ട്രോഡുകള്‍ വഴി, ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ ന്യൂറല്‍ ഘടന വിലയിരുത്തുകയാണ് ഇതില്‍ ചെയ്യുന്നത്. ബ്രെയിന്‍ മാപ്പിങ്ങിനു വിധേയനാകുന്ന ഒരാള്‍ ഒരു വ്യക്തിയെ അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനോടു നേരത്തേ കള്ളം പറഞ്ഞെന്നിരിക്കട്ടെ. ബ്രെയിന്‍ മാപ്പിങ് സംവിധാനം ഘടിപ്പിച്ച ശേഷം അതേ വ്യക്തിയുടെ ചിത്രമോ ശബ്ദമോ കാണിക്കും. പറഞ്ഞതു കള്ളമായിരുന്നെങ്കില്‍ ഇയാളുടെ ശരീരത്തില്‍ വ്യത്യസ്തമായ ബ്രെയിന്‍വേവ് പ്രസരിക്കും. ഇതിലൂടെ ഇയാള്‍ക്ക് ആ വ്യക്തിയെ അറിയാമെന്ന സൂചന ലഭിക്കും.