KeralaNEWS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; നാലാം ദിനത്തിലും മൗനം തുടര്‍ന്ന് സിനിമാ സംഘടനകള്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് നാലാം ദിനത്തിലും മൗനം തുടര്‍ന്ന് സിനിമാ സംഘടനകള്‍. സംവിധായകരുടെ സംഘടനയായ ഫെഫ്ക യോഗം ചേര്‍ന്നെങ്കിലും പ്രതികരിക്കേണ്ടെന്നായിരുന്നു തീരുമാനം. റിപ്പോര്‍ട്ടില്‍ താരസംഘടനയായ ‘അമ്മ’യും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.

റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.

Signature-ad

അതിനിടെ റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് പറയണമെന്ന് ആവശ്യപ്പെട്ട് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് രംഗത്തെത്തി. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണമെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തി. ഇരകള്‍ പരാതി നല്‍കട്ടെ എന്ന നിലപാട് സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ പാര്‍വതി മീഡിയവണിനോട് പറഞ്ഞു. പവര്‍ഗ്രൂപ്പിലുള്ളവരുടെപേരുകളേക്കാള്‍ പ്രധാനം ഇനിയുള്ള നടപടികളെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: