KeralaNEWS

”ഫോട്ടോ എടുത്തപ്പോള്‍ കുട്ടിക്ക് ദേഷ്യം, വേറെ കംപാര്‍ട്ട്‌മെന്റില്‍ ബന്ധുക്കളുണ്ടെന്ന് കരുതി; വളരെ സന്തോഷം”

തിരുവനന്തപുരം: ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ അപകടങ്ങള്‍ എന്തെങ്കിലും ഉണ്ടോയോ എന്നറിയാന്‍ ഓണ്‍ലൈന്‍ വാര്‍ത്ത നോക്കുമ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് പതിമൂന്നുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായകമായ ചിത്രം പകര്‍ത്തിയ ബബിത. ”രാത്രി നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. ആ സമയത്ത് ഉണര്‍ന്നു. മഴയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നറിയാന്‍ വാര്‍ത്ത നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായെന്ന കാര്യം അറിയുന്നത്. പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു ഇത്. ഉടന്‍ കുട്ടിയെ ട്രെയിനില്‍ വച്ച് കണ്ട വിവരം പൊലീസിനെ അറിയിച്ചു.

കുട്ടിയുടെ ഫോട്ടോ എടുക്കണമെന്ന് വെറുതെ തോന്നിയതാണ്. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ല. ഫോട്ടോ എടുത്തപ്പോള്‍ത്തന്നെ ദേഷ്യം കാണിച്ചു. ഭാഷയും പരിചിതമായിരുന്നില്ല. വേറെ കംപാര്‍ട്ട്‌മെന്റില്‍ ബന്ധുക്കളുണ്ടെന്നും അവരോട് പിണങ്ങി മാറിയിരിക്കുകയാണ് കുട്ടി എന്നുമാണ് കരുതിയത്. കയ്യില്‍ 40 രൂപ ചുരുട്ടിപ്പിടിച്ചിരുന്നു. വാര്‍ത്ത അറിഞ്ഞതു മുതല്‍ കുട്ടിയെ കിട്ടണമേ എന്ന പ്രാര്‍ഥനയിലായിരുന്നു. കുട്ടിയെ കണ്ടെത്തിയ വിവരം അറിഞ്ഞപ്പോള്‍ വളരെ സന്തോഷം.” ബബിത പറഞ്ഞു. ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ തയാറായില്ലല്ലോ എന്ന ചോദ്യത്തിന് എന്നെ കാണുന്നതിലല്ലല്ലോ കുട്ടിയെ കണ്ടെത്തുന്നതല്ലേ പ്രധാനം എന്നായിരുന്നു ബബിതയുടെ മറുപടി.

Signature-ad

തിരുവനന്തപുരത്ത് മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥിയാണ് ബബിത. ചൊവ്വാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോകാന്‍ കൂട്ടുകാരുമൊത്ത് ബെംഗളൂരുകന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്തപ്പോഴാണ് ബബിത ഒറ്റയ്ക്ക് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ശ്രദ്ധിച്ചതും ഫോട്ടോ എടുത്തതും.

അതേസമയം, വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കുട്ടി നന്നായിരിക്കുന്നെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാതാപിതാക്കള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: