തിരുവനന്തപുരം: മുംബൈ തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍. ഇതേത്തുടര്‍ന്നാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചത്. സംഭവത്തിന്റെ അന്വേഷണം പൊലീസ് ഏറ്റെടുത്തു.
വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരില്‍ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇവരുടെ ലഗേജുള്‍പ്പടെ വിട്ടുനല്‍കൂ. ഇതുവരെയുള്ള പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകേണ്ടവര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തി.
ഇന്നു രാവിലെ എട്ടു മണിക്കാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, 10 മിനിറ്റ് നേരത്തേ ലാന്‍ഡിങ് നടത്തുകയായിരുന്നു.