മുംബൈ: എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ആറു പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധ്യാപകന്‍ പൊലീസ് പിടിയില്‍. ബദ്ലാപുരില്‍ നാല് വയസ്സുള്ള രണ്ട് കുട്ടികളെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് സംഭവം. അധ്യാപകന്‍ പ്രമോദ് സര്‍ദാറാണ് (42) പിടിയിലായത്. അകോല നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബലാപുരിലാണ് സംഭവം നടന്നത്.
അധ്യാപകന്‍ നാലു മാസമായി വിദ്യാര്‍ഥിനികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. മൊബൈലില്‍ വിഡിയോ കാണിച്ചശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും അധ്യാപകന്‍ സ്പര്‍ശിച്ചതായി കുട്ടികള്‍ പൊലീസിനു മൊഴി നല്‍കി. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ സ്‌കൂള്‍ ടീച്ചര്‍ വിവരം അറിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌കൂളിലെത്തി മൊഴിയെടുത്തപ്പോള്‍, നടന്ന കാര്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ തുറന്നു പറഞ്ഞു. പിന്നീട് കമ്മിറ്റി ഇക്കാര്യം പൊലീസിനെ അറിയിച്ചു. അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രമോദ് സര്‍ദാറിനെ അറസ്റ്റു ചെയ്തു.
ബദ്ലാപുരില്‍ നാലു വയസ്സുളള രണ്ടു നഴ്‌സറി വിദ്യാര്‍ഥിനികളെ ശുചീകരണ ജീവനക്കാരന്‍ പീഡിപ്പിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ നിന്ന് തന്നെ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രകോപിതരായ രക്ഷിതാക്കളും നഗരവാസികളും ചേര്‍ന്ന് കഴിഞ്ഞ ദിവസം ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുകയും സ്‌കൂള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണു പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഈ മാസം 12നാണ് സ്‌കൂള്‍ ശുചിമുറിയില്‍ വച്ച് കുട്ടികളെ പീഡിപ്പിച്ചത്.